കൊല്ലം: സൈബര്‍ ക്രൈമില്‍ പോലീസ് കാണിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് മന്ത്രി വീണാജോര്‍ജിന് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതിയിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിനിയും മാധ്യമപ്രവര്‍ത്തകയുമായ ജിജി നിക്സണ്. മാധ്യമപ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ചാണ് ജിജി നിക്സണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷാ സുല്‍ത്താനക്കെതിരെ പ്രതികരിച്ചതിന് സമൂഹമാധ്യമങ്ങളില്‍ ക്രൂരമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ പരാമര്‍ശിച്ചാണ് മന്ത്രി വീണാജോര്‍ജിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ; മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണെല്ലോ മാധ്യമ പ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിനെ അകത്തിട്ടിരിക്കുന്നത്. അയാള്‍ അത്ര ഭയങ്കര കുറ്റവാളിയും, തീവ്രവാദിയും, ഭീകരനുമാണോ..? എനിക്ക് വീണാ ജോര്‍ജ്ജിനോടും, കേരളാ പോലീസിനോടും ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട്. ഐഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു എഫ്ബി പോസ്റ്റിട്ടതാണ് ഞാന്‍ ആദ്യമായും അവസാനമായും ചെയ്ത അതിഭയങ്കരമായ കുറ്റകൃത്യം. സൈബര്‍ പോലീസില്‍ പരാതി കൊടുക്കാന്‍ നേരിട്ടെത്തിയിട്ടു പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നല്ലേ അന്നു പോലിസ് പറഞ്ഞത്.
സെറിബ്രല്‍ പാള്‍സി ബാധിച്ച് തളര്‍ന്നുകിടക്കുന്ന ഒരു കുഞ്ഞിനെ രാപ്പകല്‍ ശുശ്രൂഷിക്കുന്ന ഒരു അമ്മയെന്ന നിലയില്‍ പോലും ഇല്ലാത്ത എന്തു പ്രത്യേകതയും അവകാശവും പരിരക്ഷയുമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ താങ്കള്‍ക്ക് ഉള്ളത്? ഐഷാ സുല്‍ത്താനയെ വിമര്‍ശിച്ചു പോസ്റ്റിട്ട ആ ദിവസം രാത്രിയില്‍ വധഭീഷണിയടക്കം 14 ഭീഷണി ഫോണ്‍ കോളുകള്‍ എനിക്കു വന്നു. കേരളാ പോലീസിന് ആ നമ്പറുകള്‍ കൈമാറി. എന്നിട്ടും നടപടിയെടുത്തില്ല. എന്നെ ബലാത്സംഗം ചെയ്യുമെന്നുള്ള നൂറുകണക്കിനു സന്ദേശങ്ങള്‍ ലഭിച്ചു. ആ രേഖകളുമായി രണ്ടുതവണ കൊട്ടാരക്കര സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി പരാതി സ്വീകരിക്കണമെന്ന് പറഞ്ഞിട്ടും പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നാണ് പറഞ്ഞത്.
എന്നാല്‍ ഐഷാ സുല്‍ത്താന എനിക്കെതിരെ പോലീസില്‍ പരാതി കൊടുത്തപ്പോള്‍ ആ പരാതി സ്വീകരിച്ചു, എന്നെ ചോദ്യം ചെയ്യാന്‍ 5 മണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തി. അഞ്ചു മാസമായി ഭയങ്കരമായ പീഡനം നേരിടുന്ന എന്റെ ഒരു പരാതി പോലും നിങ്ങള്‍ സ്വീകരിക്കില്ല അല്ലേ? അതിനുള്ള വകുപ്പും ഇല്ല അല്ലേ ? എന്നും അവര്‍ കത്തിലൂടെ ചോദിക്കുന്നു. ഞാന്‍ സ്ത്രീയല്ലേ വീണാ ജോര്‍ജ്ജേ? എനിക്കു ഈ കേരളത്തില്‍ യാതൊരു നിയമപരിരക്ഷയും മനുഷ്യാവകാശവും ഇല്ലേ ?
ക്രൈം നന്ദകുമാറിനെ ജയിലില്‍ ഇട്ടു കൊല്ലിക്കരുതേ എന്ന് മന്ത്രിമാരായ വീണാജോര്‍ജിനോടും മുഹമ്മദ് റിയാസിനോടും അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. മറ്റൊരുപോസ്റ്റില്‍ തന്നെ സ്വകാര്യ ടെലഫോണ്‍ എക്സ്ചേഞ്ചുകളില്‍ നിന്നും വിളിച്ച് ഭീഷണിമുഴക്കിയ ഫോണ്‍ നമ്പരുകള്‍ അവര്‍ പരസ്യപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: