ചാത്തന്നൂര്‍: കെ-റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിടാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ചാത്തന്നൂര്‍ കാരംകോട് വിമലാ സ്‌കൂളിന് പടിഞ്ഞാറുവശത്തായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥസംഘം കല്ലിടാന്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തി വീട്ടുകാരുമായും, കെ-റെയില്‍ വിരുദ്ധ സമിതിയുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വീട്ടിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അറസ്റ്റിലായവരെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടയച്ചു. സമരസമിതി നേതാക്കളായ ഷൈല കെ.ജോണ്‍, ബി.രാമചന്ദ്രന്‍, ഷറഫ് കുണ്ടറ, പ്രശാന്ത് കുമാര്‍, ഫ്രാന്‍സിസ്, ട്വിങ്കിള്‍ പ്രഭാകരന്‍, ഉഷ, സുകന്യകുമാര്‍, എന്‍.ശശിധരന്‍, ജോണ്‍സന്‍, രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കെ-റെയിലിനായി ഇട്ടിരുന്ന കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയിരുന്നു. കെ- റെയില്‍ പദ്ധതിക്കെതിരെ പലയിടത്തും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: