ചാലക്കുടി: മൂന്ന് നേരവും റസ്ക്ക് കഴിച്ച് ജീവിക്കുന്ന ഫ്രാന്‍സിസിനും ഭാര്യക്കും സഹായ ഹസ്തവുമായി ഒട്ടേറെ സുമനസുകള്‍. കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ട് നിരവധി പേര് സഹായസന്നദ്ധത അറിയിച്ചു. അമേരിക്കയില്‍ സ്ഥിര താമസമായ ആലപ്പുഴ സ്വദേശിനി രഞ്ജിനി ഇവരുടെ ഭക്ഷണത്തിന് ആവശ്യമായ ചിലവ് വഹിക്കാമെന്ന് ഏറ്റു. പലരും ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കി. ഇരുപത്തയ്യായിരം രൂപയോളം ലഭിച്ചതായി ഫ്രാന്‍സിസ് പറഞ്ഞു.
വാര്‍ത്തകണ്ട് പിങ്ക് പോലീസ് സംഘവും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി. ”ഇരുവരുടെയും വാര്‍ത്തയറിഞ്ഞതോടെ ആകെ ഉലഞ്ഞു. ഭക്ഷണവും തുണയ്ക്ക് ആളുകളുമില്ലാതെയാണ് ജീവിച്ചതെന്നറിഞ്ഞപ്പോള് ഏറെ വിഷമമായി. ചാലക്കുടിയില്‍ നമുക്കിടയില്‍ ഇവരിങ്ങനെ ജീവിക്കുമ്പോള്‍ സംരക്ഷണമൊരുക്കിയില്ലെങ്കില്‍ നമ്മളീ ജോലീ ചെയ്തിട്ട് കാര്യമില്ലല്ലോ… അതാണ് അറിഞ്ഞ ഉടനെ ഓടിയെത്തിയതെന്ന് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.എം.ഷൈലയും സിനി പൗലോസും പറഞ്ഞു. ഇരുവര്‍ക്കും കഴിക്കാനുളള ഭക്ഷണവുമായാണ് അവര്‍ എത്തിയത്. ഫ്രാന്‍സിസിനെയും ഭാര്യ ത്രേസ്യയെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വീടിന്റെ അവസ്ഥ കണ്ടതോടെ മെച്ചപ്പെട്ട വാടക വീട് നോക്കി നല്‍കാമെന്നും ഉറപ്പ് നല്കി അല്പ സമയം ഇരുവരോടൊപ്പം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
ഏകദേശം അഞ്ച് വര്‍ഷത്തോളമായി അന്നനാടുള്ള വാടക വീട്ടിലാണ് ഇവരുടെ താമസം. കൊവിഡിനെ തുടര്‍ന്നാണ് ഫ്രാന്‍സിസിന്റെ ജീവിതം താളം തെറ്റിയത്. കാഴ്ചയില്ലെങ്കിലും ലോട്ടറി വില്‍പ്പന നടത്തിയാണ് ഇവര്‍ ജീവിച്ചിരുന്നത്. അയ്യായിരത്തിയഞ്ഞൂറ് രൂപ വാടകക്കാണ് ഇവര്‍ താമസിക്കുന്നത്. മൂവായിരത്തിലധികം രൂപ മരുന്നിനും വേണമെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.
ഭക്ഷണത്തിന് പണമില്ലാതെ വരികയും പാകം ചെയ്യാന്‍ കഴിയാതാവുകയും ചെയ്തതോടെ റെസ്ക്ക് തന്നെയാണ് ഇവരുടെ മൂന്ന് നേരത്തെയും ഭക്ഷണം. അമ്പത് രൂപയുടെ റസ്ക് കൊണ്ട് രണ്ട് മൂന്ന് ദിവസം തള്ളിനീക്കുമായിരുന്നു. ജനകീയ ഹോട്ടലില്‍ നിന്നോ കുറഞ്ഞ നിരക്കില്‍ മറ്റ് ഹോട്ടലില്‍ നിന്നോ സ്ഥിരമായി ഭക്ഷണം എത്തിച്ച് നല്കാനാവുമോ എന്നകാര്യമാണ് ഇപ്പോള്‍ സഹായത്തിനെത്തിയവര്‍ ആലോചിക്കുന്നത്.
https://www.janmabhumi.in/news/thrissur/rusk-only-three-times-an-elderly-couple-fighting-the-fate
പ്രതികരിക്കാൻ ഇവിടെ എഴുതുക: