കൊല്ലം: ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം ലഘൂകരിക്കാന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി പത്തുമാസമായിട്ടും തുടര്‍ നടപടികള്‍ അട്ടിമറിച്ച് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങിയത് ഫെബ്രുവരി 26നാണ്. ഇതിലെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ പഠിപ്പിക്കേണ്ട വിഷയത്തില്‍ എട്ടു പിരീഡ് കഴിഞ്ഞുവരുന്ന പിരീഡുകള്‍ പഠിപ്പിക്കാനായി വിഷയത്തില്‍ ആ സ്കൂളുകളില്‍ പിരീഡ് കുറവുള്ള ജൂനിയര്‍ അധ്യാപകരുണ്ടെങ്കില്‍ 14 പിരീഡ് വരെ നല്‍കിയും അധ്യാപകരില്ലാത്ത പക്ഷം കരാറടിസ്ഥാനത്തില്‍ നിയമിക്കാനുമാകും.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കാലങ്ങളായി മുഴുവന്‍ സമയ അധ്യാപകരാണ്. ഓഫീസ് ജീവനക്കാര്‍ പോലുമില്ലാത്ത ഈ സ്ഥാപനമേധാവിക്ക് തന്റെ ഔദ്യോഗിക ജോലിത്തിരക്കിനിടയില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനായിരുന്നില്ല. ഹയര്‍ സെക്കന്‍ഡറിക്ക് മുകളിലുള്ള കോളജുകളില്‍ പ്രിന്‍സിപ്പലിന് അധ്യാപന ജോലി ഭാരമില്ല. താഴെ തട്ടിലുള്ള ഹൈസ്കൂള്‍, പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധ്യാപനജോലി ഭാരമില്ല.
ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അവസാന കാബിനറ്റിലാണ് 2021-22 അധ്യയന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ അധ്യാപനജോലി ആഴ്ചയില്‍ എട്ടു പിരീയഡാക്കി നിജപ്പെടുത്താനും അവരുടെ ബാക്കിവരുന്ന പിരീയഡ് പഠിപ്പിക്കാന്‍ ഗസ്റ്റ് അധ്യാപകരെ വയ്ക്കാനും ഗവര്‍ണറുടെ അനുമതിയോടെ ഉത്തരവിറക്കിയത്.
എന്നാല്‍ ഈ നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കം ഉദ്യോഗസ്ഥ ലോബി ബോധപൂര്‍വം തടസ്സപ്പെടുത്തുന്നതായാണ് പ്രിന്‍സിപ്പല്‍മാരുടെ ആരോപണം. ഗവര്‍ണറുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നിലവിലുള്ള ഉത്തരവിനെയാണ് ഔദ്യോഗിക രേഖയിലൂടെയല്ലാതെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരിലൂടെ വാട്സ്ആപ്പ് സന്ദേശമാക്കി മാത്രം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തടസ്സപ്പെടുത്തുന്നതെന്നാണ് ഇവരുടെ പക്ഷം. വിഷയത്തില്‍ പ്രശ്നമുണ്ടായാല്‍ രേഖകളില്ലാതാക്കാനാണ് ഔദ്യോഗിക അറിയിപ്പ് നല്‍കാത്തതെന്നാണ് സൂചന. നിലവില്‍ സ്കൂളുകള്‍ ഉച്ചവരെ മാത്രമേ ഉള്ളൂ എന്നും പിരീഡ് കുറവാണന്നുമാണ് ഉദ്യോഗസ്ഥതലത്തിലെ ന്യായവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: