പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്തിലെ ചുങ്കപ്പാറയില്‍ സ്കൂള്‍ കുട്ടികളെ ബലമായി ‘ഞാന്‍ ബാബറി’ ബാഡ്ജ് ധരിപ്പിച്ച സംഭവത്തിലെ പ്രതികള്‍ മുങ്ങി. പരാതിയില്‍ പറഞ്ഞിട്ടുള്ള മുനീര്‍ ഇബനു നസീറിന്റെയും മറ്റുള്ളവരുടെയും വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ട്.
റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ, പെരുനാട് എസ്എച്ച്ഒമാരടങ്ങിയ വന്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഡിസംബര്‍ ആറിനു രാവിലെ ഒന്‍പതരയോടെയാണ് ചുങ്കപ്പാറ ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ബലമായി ‘ഞാന്‍ ബാബറി’ എന്നെഴുതിയ ബാഡ്ജുകള്‍ ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ബാഡ്ജ് ധരിച്ച് സ്കൂളില്‍ എത്തിയ കുട്ടികളെ കണ്ട പ്രധാന അധ്യാപകന് ബാഡ്ജുകള്‍ നീക്കം ചെയ്യാനും അതിനു ശേഷം മാത്രം ക്ലാസുകളില്‍ കയറാനും നിര്‍ദേശിച്ചു. എന്നാല്‍ പോലീസില്‍ അറിയിച്ചില്ല. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ. പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്‍കാത്തതില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പിടിഎ പേരിനു മാത്രം പരാതി നല്കി.
അതിനിടെ, ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍ സംഭവം മൂടിവച്ചപ്പോള്‍ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ ചുങ്കപ്പാറയിലെത്തി. സ്കൂള്‍ അധികൃതര്‍, ബാഡ്ജ് ധരിപ്പിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍, പെരുമ്പെട്ടി പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. സ്കൂള്‍ അധികൃതരും ഹെഡ്മാസ്റ്ററും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
നാല്പതു ശതമാനത്തോളം ഒരു സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ അധികൃതര്‍ ഭയം മൂലമാണ് പ്രതികരിക്കാത്തത്. ബാഡ്ജ് ധരിപ്പിച്ച് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും ഭയപ്പാടിലാണ്. സ്കൂളില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റ് ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: