പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ‘ഞാന്‍ ബാബറിയാണ്’ എന്ന ബാഡ്ജ് ധരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ തീവ്രവാദികളുടെ നടപടി സമാധാന കാംക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തില്‍ മതവിഭാഗീയത സൃഷ്ടിച്ച് സംഘര്‍ഷം കുത്തിപ്പൊക്കി മുതലെടുക്കാനുള്ള ശ്രമമാണ് ഇസ്ലാമിക തീവ്രവാദികള്‍ ഇതിലൂടെ നടത്തിയത്. ശബരിമലയ്ക്ക് മാലയിട്ടിരിക്കുന്ന വിദ്യാര്‍ത്ഥിയെവരെ ബലമായി പിടിച്ചുനിര്‍ത്തി ബാബറി ബാഡ്ജ് ധരിപ്പിച്ചത് അത്യന്തം പ്രകോപനപരമാണ്. ക്രൈസ്തവ മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ അധികവും പഠിക്കുന്നത് ഹിന്ദു-ക്രൈസ്തവ വിദ്യാര്‍ത്ഥികളാണ്. ഇതിനാലാണ് തങ്ങളുടെ മതപരമായ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ ഈ സ്കൂള്‍ തന്നെ തെരഞ്ഞെടുത്തത്. മതനിന്ദ ആരോപിച്ച് ഒരു കോളജ് അധ്യാപകന്റെ കൈവെട്ടിയ ശക്തികളാണ് വിധ്വംസക രാഷ്ട്രീയത്തിന് കൊച്ചുകുട്ടികളെപ്പോലും ഇരകളാക്കിയതെന്ന വസ്തുത കാണാതിരിക്കാനാവില്ല. സ്കൂള്‍ മാനേജ്മെന്റിന്റെയും ബിജെപി, എബിവിപി എന്നീ സംഘടനകളുടെയും പരാതികളെത്തുടര്‍ന്ന് ഈ തീവ്രവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തി സാമുദായിക കലാപം സൃഷ്ടിക്കാന്‍ നീക്കം നടത്തിയെന്നും, ഹിന്ദു വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും കാണിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന് പത്തനംതിട്ട എസ്പിയോട് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും, എസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി പ്രശ്നം എന്നേക്കുമായി തീര്‍പ്പു കല്‍പ്പിക്കപ്പെട്ടതാണ്. അയോധ്യയില്‍ കുറെക്കാലം നിലനിന്ന ‘ബാബറി മസ്ജിദ്’ എന്ന തര്‍ക്കമന്ദിരം, അവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത ശേഷം നിര്‍മിച്ചതാണെന്ന് ഉത്ഖനനത്തില്‍ കണ്ടെത്തിയ പുരാവസ്തു തെളിവുകള്‍ ശരിവച്ച് സുപ്രീംകോടതി തന്നെയാണ് വിധി കല്‍പ്പിച്ചത്. രാമജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയിരിക്കുന്ന ക്ഷേത്രം അധികം വൈകാതെ പൂര്‍ത്തിയാവുകയും ചെയ്യും. എന്നു മാത്രമല്ല മറ്റൊരിടത്ത് പള്ളി പണിയാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്. പള്ളി നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം. ‘ബാബറി ദിനം’ എന്നതിന് ഇനിയുള്ള കാലം യാതൊരു പ്രസക്തിയുമില്ല എന്നര്‍ത്ഥം. തര്‍ക്കമന്ദിരം തകര്ന്നുവീണതിനും, കേസില്‍ സുപ്രീംകോടതി അന്തിമവിധി കല്പ്പിച്ചതിനുമിടയില് ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്നു പറഞ്ഞ് ചില അവിവേകികള്‍ നെഞ്ചത്തടിച്ച് നിലവിളിച്ച് നടന്നെങ്കിലും അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് മാത്രം ബാധകമല്ലെന്നു പറഞ്ഞ് ബാബറി ദിനത്തില്‍ കോലാഹലമുണ്ടാക്കുന്ന മതഭ്രാന്തന്മാര് ഒറ്റപ്പെടും. ശ്രീരാമ ജന്മഭൂമിയില് നിന്ന് അങ്ങു ദൂരെ നിര്‍മിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്ന പള്ളിക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതുപോലും ആലോചിച്ചുവേണം. മതവിദ്വേഷത്തിന്റെ പ്രതീകമായ ആ വൈദേശിക കടന്നാക്രമണകാരിയെ സഹിക്കാന്‍ പുതുതലമുറ തയ്യാറായെന്നു വരില്ല.
ബാബറി മസ്ജിദിനുവേണ്ടി ഏറെ മുറവിളി കൂട്ടിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മത തീവ്രവാദികള്‍പോലും മാറിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. അവിടങ്ങളിലൊന്നും ബാബറി ദിനമില്ലാത്തത് ഇതുകൊണ്ടാണ്. ഇതിനു വിരുദ്ധമായി ഉയരുന്ന ചില അപശബ്ദങ്ങള്‍ക്ക് മുസ്ലിം സമൂഹം ചെവികൊടുക്കാറുമില്ല. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ കേരളത്തില്‍ മാത്രം ചില മതജീവികള്‍ വികാരംകൊള്ളുന്നത് ഇവിടെ അവര്‍ക്ക് രാഷ്ട്രീയവും ഭരണപരവുമായ സംരക്ഷണം ലഭിക്കുന്നതിനാലാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് സ്വാധീനമുള്ളയിടങ്ങളില്‍ ജിഹാദി സഖാക്കള്‍ മാത്രം പാര്‍ട്ടി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടുന്നതാണല്ലോ കാണുന്നത്. സിപിഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളെപ്പോലെയാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നത്. മതവിഭാഗീയത സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ കൊണ്ടുവരുന്ന ഹലാല്‍ ജിഹാദുപോലും സംസ്ഥാനത്തിന്റെ ഭരണാധിപന് ഏറ്റെടുക്കുകയാണല്ലോ. എസ്ഡിപിഐ നടത്തുന്ന പ്രാകൃതമായ കൊലപാതകങ്ങളെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാവുന്നില്ല. കോട്ടാങ്ങലില്‍ ഇസ്ലാമിക തീവ്രവാദികള്‍ വികൃതമുഖം പ്രദര്‍ശിപ്പിക്കാന്‍ കാരണമുണ്ട്. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മും എസ്ഡിപിഐയും ചേര്‍ന്നാണ്. ഇതാണ് പിഞ്ചുകുട്ടികള്ക്കെതിരെപോലും അഴിഞ്ഞാടാന്‍ ജിഹാദികളെ പ്രേരിപ്പിച്ചത്. കാര്യബോധമുള്ളവരൊക്കെ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. താല്ക്കാലികമായ രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി ജിഹാദികള്‍ക്ക് വിടുപണി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. അതിന് കണക്കു പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: