എസ്എന്‍ഡിപി യോഗത്തിന് ആറായിരം രൂപ മാത്രമുള്ളപ്പോഴാണ് വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. ആ ആസ്ഥാനത്ത് അദ്ദേഹം കാല്‍നൂറ്റാണ്ട് തികച്ചു. അതിന്റെ ആഘോഷങ്ങള്‍ക്ക് ആരംഭംകുറിച്ചുള്ള ഉദ്ഘാടന സമ്മേളനം കഴിഞ്ഞദിവസം ചേര്‍ത്തലയിലായിരുന്നു. ഉദ്ഘാടകനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എത്തി. അധ്യക്ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യ പ്രഭാഷകന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. ഉദ്ഘാടന ചടങ്ങിലെ പ്രസംഗങ്ങള്‍ പലരുടെയും, പ്രത്യേകിച്ച് സിപിഎം നേതാക്കളുടെ അവസരവാദം വെളിവാക്കുന്നതായി.
നട്ടെല്ലുള്ള നേതാവാണ് താനെന്ന് വെള്ളാപ്പള്ളി തെളിയിച്ച മുഹൂര്‍ത്തങ്ങള്‍ കാല് നൂറ്റാണ്ടിനിടയില്‍ നിരവധി ഉണ്ടായിട്ടുണ്ട്. ആറായിരം രൂപയില്‍ നിന്ന് യോഗത്തിന്റെ നീക്കിയിരുപ്പ് പല കോടികളാണ്. യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും സ്ഥാപനങ്ങള്‍ പലമടങ്ങ് വളര്‍ന്നു, ഉയര്‍ന്നു. ശമ്പളം കൊടുക്കാനും പെന്ഷന് നല്‍കാനും, ലക്ഷക്കണക്കിന് കോടിയുടെ കടത്തിന് പലിശ നല്കാന് പോലും ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് കേരള സര്‍ക്കാര്‍. അതോര്‍ത്തിട്ടാണോ എന്നറിയില്ല ഗുരുദേവനോടും വെള്ളാപ്പള്ളി നടേശനെക്കുറിച്ചുമുള്ള മുന്‍ അഭിപ്രായങ്ങള്‍ പിണറായി വിഴുങ്ങി.
മൂന്നുവര്‍ഷം മുമ്പ് ശ്രീനാരായണ ധര്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോവുന്നതെന്ന് എസ്എന്‍ ട്രസ്റ്റ് വേദിയില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞതാണ്. കോളജ് പ്രവേശത്തിന് തലവരി പണം വാങ്ങുന്നു. ഇത് അംഗീകരിക്കാനാകില്ല. പുനലൂര്‍ ശ്രീനാരായണ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയാണ് മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചത്. പ്രവേശത്തിന്റെ പേരില്‍ ചില മാനേജ്മെന്റുകള്‍ ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും ഇത് അഴിമതിയാണെന്നും പിണറായി വിജയന് ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ നോക്കുമ്പോള്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് വിപരീതമായാണ് സമൂഹം പോകുന്നത്. പരിപാടിയുടെ അധ്യക്ഷന്‍ വെള്ളാപ്പള്ളിയാണെന്നിരിക്കെ അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലും അന്ന് പിണറായി തയ്യാറായില്ല. വിദ്യകൊണ്ട് പ്രബുദ്ധരാകുന്നു എന്ന് പറയുമ്പോള്‍ എങ്ങനെ പ്രബുദ്ധരാകുമെന്നു കൂടി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈഴവ സമുദായത്തിന് വിലക്ക് കല്പിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന് അന്നുതന്നെ തിരിച്ചടിച്ചു. വേദിയില്‍ അടുത്തിരുന്നെങ്കിലും പിണറായിയും വെള്ളാപ്പള്ളിയും പരസ്പരം സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി.
വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയംഗം പിണറായി വിജയന് ആക്ഷേപിച്ചതിങ്ങനെ ”ആര്‍എസ്എസിന്റെ നാവുകടമെടുത്ത് വി.എസ്. അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് വെള്ളാപ്പള്ളി അവസാനിപ്പിക്കണം. വെള്ളാപ്പള്ളിക്കെതിരെ പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന് നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന് നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ല.’
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷംചീറ്റുന്ന നാക്കാണ് വെള്ളാപ്പള്ളിയുടേതെന്ന് ആക്ഷേപിച്ചതും പിണറായി വിജയനാണ്. എന്നാല്‍ ചേര്‍ത്തലയിലെ അധ്യക്ഷ പ്രസംഗത്തില്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് തെളിയിക്കുന്ന മട്ടിലുള്ളതാണ്. സനാതന ധര്‍മ്മത്തിലും മേലെയാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനം. നാട്ടില്‍ ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് പിന്നില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. അതിന് പല മാനങ്ങളും ഉണ്ടായിട്ടുണ്ട്. 25 വര്‍ഷം ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുകയെന്നത് അസുലഭമായ അനുഭവമാണ്. ആ സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി നടേശന് ശ്രീനാരായണ ധര്‍മ്മ പരിപാലനത്തിന്റെ മുഴുവന്‍ തലങ്ങളിലേക്കുമെത്തി. നാടിനെയും നാട്ടുകാരെയും ഉദ്ധരിക്കുന്ന സമീപനങ്ങളും നിരീക്ഷണങ്ങളും വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ബോദ്ധ്യമായ കാര്യങ്ങള്‍ തന്റേതായ നിരീക്ഷണങ്ങളോടെ ബോധിപ്പിക്കാന്‍ കഴിയുന്നത് വ്യത്യസ്തമായ ശൈലിയാണ്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ വിജയത്തിലെത്തിക്കാനുള്ള ചടുലമായ പ്രവര്‍ത്തനവും എടുത്തു പറയണം. വ്യക്തിപരമായും അല്ലാതെയും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, വ്യത്യസ്ത വിഷയങ്ങളില്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം കേള്‍ക്കാന്‍ സമൂഹം തയ്യാറാകുന്നു. അതിനു കാരണം ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തന ശൈലിയാണ്. ഒരു ശങ്കയും സംശയവുമില്ലാതെ വ്യക്തമായി മറുപടി പറയാന്‍ കഴിയുന്നതും വെള്ളാപ്പള്ളിയുടെ പ്രത്യേകതയാണ്”
ശ്രീനാരായണഗുരുദേവന്റെ ചിന്തകള്‍ സനാതന ധര്‍മ്മമാണെന്ന് മന്ത്രി മുരളീധരന് വിശേഷിപ്പിച്ചതും പിണറായി വിമര്‍ശിച്ചതും കൗതുകകരമാണ്. ”ശ്രീശങ്കരന്റേതും നമ്മുടേതും ഒരേ ധര്‍മ്മമാണെന്ന്” ഗുരുദേവന് പറഞ്ഞത് പിണറായി അറിയാതിരിക്കുമോ? ശ്രീനാരായണന്റെ സന്ദേശങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവമുണ്ടെന്ന് കുറ്റപ്പെടുത്തിയത് ഇഎംഎസ് നമ്പൂതിരിപ്പാടാണ്.
ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്. പക്ഷേ ഹലാല്‍ ഭക്ഷണം എന്ന പ്രചാരണം വ്യാപകമാണ്. അതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ‘ഹലാല്‍ ഭക്ഷണം എന്നാല്‍ നല്ല ഭക്ഷണം’ എന്നേ അര്‍ത്ഥമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ‘ഹലാല്‍’ എന്ന് എഴുതാത്തതെല്ലാം ചീത്ത ഭക്ഷണമെന്നാണോ? ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് സഖാക്കള്‍. പശുവിനെ വെട്ടിക്കൊന്ന് ബീഫ് ഫെസ്റ്റ്? ഗുരുദേവന് പശുമാംസം കഴിക്കുന്നതിനെ അംഗീകരിച്ചോ? സ്വാമികളോട് ഇത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ”അമ്മ മരിച്ചാല്‍ സംസ്കരിക്കുമോ, ഭക്ഷണമാക്കുമോ” എന്നൊരു മറു ചോദ്യമാണ് ഉന്നയിച്ചത്. മഹാനായ കഥാകാരന് ടി. പത്മനാഭന് കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പറഞ്ഞതും ശ്രദ്ധേയമല്ലെ?
ഗുരുമന്ദിരങ്ങള് ലക്ഷ്യം വയ്ക്കുകയും സിമന്റ് നാണു എന്നാക്ഷേപിക്കുകയും ഗുരു പ്രതിമ തകര്‍ക്കുകയും ഗുരുദേവനെ കുരിശിലേറ്റുകയും ചെയ്തവരുടേത് തിരിച്ചറിവാണെങ്കില്‍ നന്നായി. മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മാറ്റങ്ങള്‍ ഭേഷ്, സഖാക്കളെ ഭേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: