ഇളങ്കാട്: പ്രളയം ദിശ മാറ്റി ഒഴുക്കിയ പുല്ലകയാറില്‍ മൂന്ന് കുടുംബങ്ങള്‍ കുടുങ്ങിയത് നാടിനെ മണിക്കൂറുകളോളം മുള്‍മുനയിലാക്കി. കഴിഞ്ഞ പ്രളയത്തില്‍ പുല്ലകയാര്‍ ഗതി മാറിഒഴുകി മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ത്ത മുകുളം താഴെ പ്രദേശത്ത് മൂന്നു കുടുംബങ്ങള്‍ വീണ്ടും ഒറ്റപ്പെട്ടത് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.
കുരുവിക്കാട്ട് സുകുമാരന്‍, പാലകുന്നേല്‍ നജീബ്, കാരയ്ക്കാട്ട് ഹംസ എന്നി കുടുംബങ്ങളാണ് പുല്ലകയാറിന്റെ മധ്യഭാഗത്തായി കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്സ് എത്തിയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഇളങ്കാട് ടൗണിന് മറുകരയിലുള്ള സ്ഥലത്ത് ആറ് ഗതി മാറി ഒഴുകിയതോടെ മൂന്നു വീടുകള്‍ക്ക് ചുറ്റിലും ആറ് ഒഴുകുന്ന നിലയിലായിരുന്നു. ആദ്യ പ്രളയത്തില്‍ ഇവിടെ മൂന്നു വീടുകള്‍ പൂര്‍ണമായും തകരുകയും ഓലിക്കല്‍ ഷാലറ്റ് എന്ന യുവാവ് ഒഴുക്കില്‍പ്പെട്ട് മരിക്കുകയും ചെയ്തിരുന്നു.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീണ്ടും പ്രദേശത്ത് എത്തിയ കുടുംബങ്ങള്‍ ദുരന്ത സ്ഥലത്തിന് സമീപം തന്നെ വീടുകളില്‍ താമസമാക്കി. മഴപെയ്ത് വെള്ളം ഇറങ്ങി പോകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഇവര്‍ ജലനിരപ്പ് കൂടുതലായി ഉയര്‍ന്നതോടെ ഒറ്റപ്പെടുകയായിരുന്നു. രാത്രി വൈകി നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കയര്‍ കെട്ടിയാണ് ഇവരെ മറുകരയില്‍ എത്തിച്ചത്.
ഇളങ്കാട്, വെമ്പാല, ഉറുമ്പിക്കര മേഖലകളില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് പുല്ലകയാറും പാപ്പാനിതോടും കരകവിഞ്ഞു നിരവധി വീടുകളില്‍ വെള്ളം കയറി.ശക്തമായ മഴയില്‍ പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് തീരദേശത്ത് ഉള്ളവരെ ഭീതിയിലാഴ്ത്തി. രാത്രി എട്ടുമണിയോടെയാണ് ഇളങ്കാട് മുതലുള്ള ഭാഗത്ത് ആറ്റിലും, പുല്ലകയാറ്റിലും അതി ശക്തമായ ഒഴുക്ക് ഉണ്ടായത്. പുല്ലകയാറിന്റെ തുടക്കമായ വനപ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സൂചന.
ഇളങ്കാട് മുതല്‍ ഏന്തയാര്‍ കൂട്ടിക്കല്‍ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ ആശങ്കയിലായിരുന്നു. വൈകിട്ട് നാലുമണിയോടെ ചെറിയ മഴ ആരംഭിച്ചെങ്കിലും രാത്രിയിലാണ് ശക്തമായത്. രാത്രി വൈകിയും മുക്കുളം ടോപ്പ്, ഉറുമ്പിക്കര, ഇളങ്കാട് ടോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.ഇളങ്കാട്, വെംബ്ലി പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെംബ്ലിയില്‍ മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: