ഡോ. സുകുമാര്‍, കാനഡ
അയ്യപ്പന് പന്തളം കൊട്ടാരത്തില്‍ നിന്ന് എയ്തിരുന്ന അമ്പ് തറച്ചത് ദൂരെ ശബരിമലയെന്ന അതിസുന്ദരമായ ഒരിടത്താണ്. രാജാവ് അവിടെ മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വിശ്വകര്‍മ്മാവിനെ അതിന്റെ രൂപകല്‍പ്പനയ്ക്കായി വിളിച്ചു എന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിനു മുന്നിലായി കരിങ്കല്ലില്‍ പണിത പതിനെട്ട് പടികളുണ്ട്. അതിനു മുകളിലാണ് ശ്രീകോവില്‍.
ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തെപ്പറ്റി രാജാവിന് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ സാക്ഷാല്‍ പരശുരാമന് സ്വയമവിടെ പ്രത്യക്ഷനായി രാജാവിന് മാര്‍ഗദര്‍ശനം നല്കിയത്രേ. അദ്ദേഹത്തിന്റെ കൈയില്‍ ദിവ്യമായ ഒരു വിഗ്രഹം ഉണ്ടായിരുന്നു. ശ്രീധര്‍മ്മശാസ്താവിന്റെ. സ്വാമിഅയ്യപ്പനായി, സംന്യാസഭാവത്തിലുള്ള പ്രതിഷ്ഠക്കായാണ് അത് നിയോഗിച്ചത്. സ്വാമിയും അയ്യനുമായി ഭക്തജനങ്ങള്‍ക്ക് വഴികാട്ടിയായി വാഴുന്ന അയ്യപ്പനാണ് അവിടുത്തെ മൂര്‍ത്തി. സംന്യാസഭാവത്തില് സകലഭക്തര്‍ക്കും പ്രചോദനമായി ഭഗവദ്വിഗ്രഹം പരിലസിക്കുന്നു.
വിഗ്രഹസ്ഥാപനം കഴിഞ്ഞപ്പോള്‍ അയ്യപ്പന് ഒരിക്കല്‍കൂടി പ്രത്യക്ഷനായതോടെ രാജാവിന് മോക്ഷപ്രാപ്തിയുണ്ടായി. അയ്യപ്പന് പിന്നീട ് വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. സാധകര്‍ക്ക് കാടുംമലയും താണ്ടി വ്രതശുദ്ധിയോടെ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നേടാന്‍ ഭഗവാന് അവസരമൊരുക്കി. വര്‍ഷത്തിലൊരിക്കല്‍ മണ്ഡലകാലത്ത് സന്നിധാനത്തിലെത്തി ഭക്തര്‍ക്ക് സംന്യാസഭാവത്തിന്റെ അനുഭവം ലഭിക്കാന്‍ അങ്ങനെ അവസരമൊരുങ്ങി.
കാനനശ്രീലകത്തിന്റെ പ്രശാന്തിയും പാവനത്വവും കളയാതെ ഭക്തര്‍ക്ക് അവിടം സന്ദര്‍ശിക്കാനുള്ള ചിട്ടവട്ടങ്ങളും ഭഗവാന് അവിടെയുള്ള ആദ്യഭക്തര്ക്ക് പറഞ്ഞുകൊടുത്തു. മാലധരിച്ച് മണ്ഡലവ്രതം അനുഷ്ഠിച്ച്, കുത്തനെയുള്ള മലകളും കാടും കടന്ന് പൂര്‍ണ്ണമായ ബ്രഹ്മചര്യനിഷ്ഠയോടെ പതിനെട്ടുപടി കയറിവരുന്ന ഭക്തരെ അയ്യപ്പന് ചിന്മുദ്രയോടെ കാത്തിരിക്കുന്നു. അങ്ങനെയെത്തുന്ന ഭക്തര്‍ക്ക് അറിവും മോക്ഷോപായവും ലഭിക്കുന്നതാണെന്ന അനുഗ്രഹം ഭഗവാന് അരുളിച്ചെയ്തു.
വേദപുരാണങ്ങളില്‍ അവഗാഹമില്ലാത്തവര്‍ക്കു പോലുംപ്രാപിക്കാവുന്ന ഈശ്വരസങ്കല്‍പ്പമായി അയ്യപ്പസ്വാമി നിലകൊള്ളുന്നു. സ്വാമിഅയ്യപ്പന്റെ സവിധത്തിലെത്തുന്ന ഭക്തര്‍ സ്വയം അയ്യപ്പനായി മാറുന്ന അഭൗമമായ അനുഭവമാണ് സന്നിധാനം നല്‍കുന്നത്. ഭഗവാനും ഭക്തനും ഒന്നാവുന്ന, ഒരേ നാമത്താല്‍ അഭിസംബോധന ചെയ്യപ്പെടുന്ന ഏക ഭഗവദ് സന്നിധിയാണ് ശബരിമല സന്നിധാനം. ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്പറയുന്നു:
‘എപ്പോഴൊക്കെ ധര്മ്മത്തിന് അപചയം സംഭവിക്കുന്നുവോ, അധര്‍മ്മം ലോകസമാധാനത്തെ ഇല്ലാതാക്കുന്നുവോ അപ്പോഴൊക്കെ ഞാനവതരിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നതാണ്’ എന്ന വാഗ്ദാനമാണത്. സ്വാമിഅയ്യപ്പന്റെ അവതാരം അപ്രകാരം ധര്‍മ്മത്തെ പുനസ്ഥാപിക്കാനായിട്ടുള്ളതാണല്ലോ. ഭഗവാന്റെ മറ്റവതാരങ്ങള്‍ അതത്കാലഘട്ടങ്ങളില് ധര്‍മ്മം പുനസ്ഥാപിച്ച് വലിയ മാറ്റങ്ങള്ഉണ്ടാക്കി. എന്നാല്‍ സ്വാമിഅയ്യപ്പന്‍ യുഗയുഗങ്ങളായി മനുഷ്യരെ പ്രചോദിപ്പിച്ച് കാലാതീത പ്രഭാവമായി വര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: