കൊല്ലം: കുണ്ടറയില്‍ പണക്കൊഴുപ്പും മേഴ്സികുട്ടിയമ്മയുടെ അമിത ആത്മവിശ്വാസവും തോല്‍വിക്ക് കാരണമായതായി സിപിഎം കുണ്ടറ ഏരിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചു.
മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ മത്സ്യതൊഴിലാളി മേഖലയില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കും മന്ത്രിയെന്ന നിലയില്‍ മേഴ്സികുട്ടിയമ്മയ്ക്കും കഴിഞ്ഞില്ല. ഇതു തോല്‍വിയുടെ പ്രധാനകാരണമായി. ഭൂരിപക്ഷം പ്രതിനിധികളും ഇതേ അഭിപ്രായം മുന്നോട്ടു വച്ചതോടെ സമ്മേളന ചര്‍ച്ച തന്നെ മേഴ്സികുട്ടിയമ്മയ്ക്ക് എതിരായി മാറി. പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്ക്ക് എടുക്കാതെ മന്ത്രിയുടെ ഭര്‍ത്താവ് പ്രചരണം നിയന്ത്രിച്ചു.
ഹൈ ടെക് പ്രചരണത്തിനായി പുറമെ നിന്ന് സഹായം തേടിയതിന് ലക്ഷങ്ങള്‍ ചെലവഴിച്ചു. പാര്‍ട്ടി നേതൃത്വത്തെയും പാര്‍ട്ടി അണികളെയും വിശ്വാസത്തിലെടുക്കാതെ ജാതിമത നേതൃത്വങ്ങളെ കണ്ടു. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച സംസ്ഥാന കമ്മിറ്റിയുടെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതെല്ലാം അടഞ്ഞ അധ്യായമാണെന്ന് ഡയസില്‍ നിന്നും കര്‍ശന നിര്‍ദേശം വനത്തോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് വികാരഭരിതയയാണ് മേഴ്സിക്കുട്ടിയമ്മ മറുപടി പറഞ്ഞത്. മന്ത്രിയായിരുന്നപ്പോള്‍ എടുത്ത നിലപാടുകള്‍ ചൂണ്ടികാട്ടുകയും ചെയ്തതോടെ ചര്‍ച്ച അവസാനിപ്പിച്ചു.
കുണ്ടറ തോല്‍വിയില്‍ മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ബി. തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.എസ്. പ്രസന്നകുമാര്‍, ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ എന്നിവര്‍ക്ക് പങ്കുള്ളതായി സിപിഎം അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. പ്രസന്നകുമാറിനെ തരംതാഴ്ത്തുകയും തുളസീധരക്കുറുപ്പിനും സജികുമാറിനും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: