തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് വര്‍ധിപ്പിച്ച പെന്ഷന് തുക നല്കാന് പണം ഇല്ലാത്തതിനാല്‍ ചട്ടം ലംഘിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചപ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് വര്‍ധിപ്പിച്ച പെന്ഷന് തുകയുടെ കുടിശ്ശിക നാലു ഗഡുക്കളായി നല്‍കാമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഒന്നും രണ്ടും ഗഡുക്കള്‍ തുക നല്കി. മൂന്നും നാലും ഗഡുക്കള്‍ നല്കാന് ഖജനാവില്‍ പണം ഇല്ല. 2023 ലും 2024ലുമായി നല്‍കാമെന്ന് കാണിച്ചാണ് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് ജിഎസ്ടി യഥാസമയം കേന്ദ്ര ധനവകുപ്പില്‍ നിന്ന് കിട്ടുന്നില്ലെന്നും. ജിഎസ്ടി തരുന്നില്ലെന്ന് പ്രസംഗത്തില്‍ പറയാമെങ്കിലും ഒരു സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം നിയമലംഘനമാണ്. ധനവകുപ്പിനു വേണ്ടി സെക്രട്ടറി സഞ്ജയ് കൗളാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കൊവിഡ്, പ്രകൃതി ദുരന്തത്തെക്കുറിച്ചെല്ലാം ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും പെന്ഷന്ഗഡു നല്‍കാത്തതിന്റെ പ്രധാന കാരണമായി പറയുന്നത് ജിഎസ്ടി സംബന്ധിച്ചും. സംസ്ഥാനത്തിനു ലഭിക്കേണ്ട ജിഎസ്ടിയുടെ എഴുപത് ശതമാനവും കേന്ദത്തില്‍ നിന്നും വാങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള തുക ഫെബ്രുവരിയോടെ ലഭിക്കും. ഫെബ്രുവരിയില്‍ ജിഎസ്ടി കിട്ടുമെങ്കിലും പെന്ഷന് കുടിശ്ശിക നല്‍കാമെന്ന് പറയുന്നത് 2023 ലും 2024 ലും. 2024ല്‍ കുടിശ്ശിക തുക നല്‍കാമെന്ന് പറയുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന് പെന്‍ഷനേഴ്സ് സംഘ് ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: