തിരുവനന്തപുരം: ‘‘മോന് പഠിക്കുന്നുണ്ടോ നന്നായിട്ട്…നന്നായി പഠിക്കണം..നമ്മള് എല്ലാവരും ഉണ്ട് ഒപ്പം…ഏത് സഹായത്തിനും” ആദിത്യനെ ചേര്‍ത്ത് നിര്‍ത്തി ഒരു അച്ഛന്റെ വാത്സല്യത്തോടെ ഡോ. എല്‍. മുരുകന് ചോദിച്ചു, വിശേഷങ്ങള്‍ തിരക്കി. കേന്ദ്രമന്ത്രിയായി അല്ല, ഒരു രക്ഷിതാവായി മാറുകയായിരുന്നു അദ്ദേഹം. 2017 ജൂലൈ 29ന് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ശ്രീകാര്യം രാജേഷിന്റെ മകനാണ് ആദിത്യന്. രണ്ടാമത്തെ മകന് അഭിഷേകിനോടും വിശേഷങ്ങള്‍ ചോദിച്ചു. ഭാര്യ റീനയോട് കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും വിശദമായി അന്വേഷിച്ച് കുറിച്ചെടുത്തു, ആശ്വസിപ്പിച്ചു. രാജേഷിന്റെ മാത്രമല്ല 2016 ല്‍ സിപിഎമ്മുകാര്‍ വീട്ടില്‍കയറി കൊലപ്പെടുത്തിയ കണ്ണമ്മൂല വിഷ്ണുവിന്റെ കുടുംബത്തോടും അതേവര്‍ഷം നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ അനില്‍കുമാറിന്റെ കുടുംബത്തോടും മുരുകന് ഇപ്പോഴത്തെ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു.
എല്‍. മുരുകന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് ആയിരിക്കെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട ബലിദാനികളുടെ കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. അന്ന് പരാതിയില്‍ വിശദമായ അന്വേഷണം നടത്തുകയും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ സഹമന്ത്രി ആയ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആ കുടുംബങ്ങളെ കാണണം എന്ന് മുരുകന് ആവശ്യപ്പെടുകയായിരുന്നു. തിരക്കിട്ട ഷെഡ്യൂള്‍ ആയതിനാല്‍ ഇവരുടെ വീടുകളിലെത്തി കാണാന്‍ സമയം ലഭിച്ചില്ല. തുടര്‍ന്ന് മൂന്ന് കുടുംബങ്ങളും ബിജെപി സംസ്ഥാന ഓഫീസിലെത്തി മന്ത്രിയെ കാണുകയായിരുന്നു.
വിഷ്ണുവിന്റെ അച്ഛന് ജോസും അമ്മ ബിന്ദുവും കേസിന്റെ നിലവിലെ സ്ഥിതി അറിയിച്ചു. കേസില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. നാല് പ്രതികളുടെ പേര് കൂടി പ്രതിപട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നും അത് ആവശ്യപ്പെട്ടപ്പോള്‍ തന്നെക്കൂടി പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും വിഷ്ണുവിന്റെ കുടുംബം മന്ത്രിയോട് പറഞ്ഞു.
കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് നെയ്യാറ്റിന്‍കരയിലെ അനില്‍കുമാറിന്റെ ഭാര്യ ബിന്ദു അനിലും പറഞ്ഞു. പോലീസ് ഇടയ്ക്ക് വന്ന് ചില കാര്യങ്ങള്‍ ചോദിച്ച് മടങ്ങും. പ്രതികള്‍ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നുവെന്നും ബിന്ദു മന്ത്രിയോട് പറഞ്ഞു. കുടുംബങ്ങളുടെ പരാതികളും പ്രശ്നങ്ങളും മന്ത്രി തന്നെ കുറിച്ചെടുത്തു. കൃത്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പും നല്കി. ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് സ്ഥാനത്ത് നിന്നും കേന്ദ്രമന്ത്രിയിലേക്ക് എത്തിയപ്പോഴും അദ്ദേഹം തങ്ങളുടെ കാര്യം ഓര്‍ത്തെടുത്തതില്‍ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: