തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കേന്ദ്ര സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെര്‍ട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ ഇതു പ്രകാരം വീടുകളില്‍ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കാന്‍ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്.
പദ്ധതിക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.buymysun.com എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ മുതല്‍ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോര്‍ട്ടല്‍ വഴിയാണു നടക്കുന്നത്. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണു സബ്‌സിഡി അനുവദിക്കുന്നത്. മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവപുനരുപയോഗ ഊര്‍ജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതല്‍ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40 ഉം തുടര്‍ന്ന് 20 ശതമാനം നിരക്കിലും സബ്‌സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍, ഫഌറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയ്‌ക്ക് പരമാവധി 500 കിലോവാട്ട് വരെ (ഒരു വീടിന് 10 കിലോവാട്ട് എന്ന കണക്കില്‍) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്‌സിഡിയും ലഭിക്കും.
ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റില്‍നിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലില്‍നിന്ന് പ്രതിമാസ ഉപയോഗം മനസിലാക്കി വീടുകളില്‍ സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നാലു മുതല്‍ ഏഴു വരെ വര്‍ഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ മുടക്കിയ പണം തിരികെ ലഭിക്കും. പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കിയുണ്ടെങ്കില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേക്കു കടത്തിവിടാന്‍ കഴിയും. ഓരോ വര്‍ഷവും ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷം ഇങ്ങനെ അധികം ഗ്രിഡിലേക്കു നല്‍കിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെഎസ്ഇബി നല്‍കും. പ്ലാന്റ് സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് സബ്‌സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കില്‍ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെര്‍ട്ട് സ്വീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: