ഡോ. വി.പി. രാഘവന്
ഇന്ത്യയുടെ സൃഷ്ട്യുന്മുഖ സാമ്പത്തിക മേഖലയുടെ വികസനത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കുന്നത് രാജ്യത്തിന്റെ ‘സ്നിഗ്ദ്ധ ശേഷി’യാണ്. കലാകാരന്മാര്, കരകൗശല വിദഗ്ധര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്, നര്‍ത്തകര്‍, നടീനടന്മാര്, സാങ്കേതിക വിദഗ്ധര്‍, പ്രസാധകര്, അച്ചടി-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, ലോഹ ഉത്പന്ന നിര്‍മാതാക്കള്‍, ദാരുശിലാശില്പികള് തുടങ്ങി വിവിധ കലാ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സൃഷ്ടിവൈഭവത്തെയാണ് സ്നിഗ്ധശേഷി (ടീള േജീംലൃ) എന്ന് വിശേഷിപ്പിക്കുന്നത്. ലോക വ്യാപാര രംഗത്ത് സൃഷ്ട്യുന്മുഖ വ്യവസായങ്ങള്‍ നല്കുന്ന സംഭാവനകള്‍ ഏറെയാണ്. ബ്രിട്ടന്, ജര്‍മ്മനി, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം മുതലായ രാജ്യങ്ങളുടെ ദേശീയോത്പാദനത്തില്‍ ഗണ്യമായി പങ്ക് വഹിക്കുന്ന മേഖലയാണ് സൃഷ്ട്യുന്മുഖ വ്യവസായങ്ങള്‍. കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഈ രാജ്യങ്ങളെല്ലാം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചു.
ലോക സാമ്പത്തിക ഉത്പാദനത്തിന്റെ നാല് ശതമാനം കരകൗശല വ്യാവസായിക മേഖലയുടെ സംഭാവനയാണ്. എന്നാല്‍ പ്രസ്തുത രംഗത്ത് വികസ്വര രാജ്യങ്ങളുടെ പങ്ക് ഒരു ശതമാനമാണ്. സൃഷ്ട്യുന്മുഖ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും, വികസനത്തിനും അത് വഴിയുള്ള സാമ്പത്തിക വികസനത്തിനും പ്രാധാന്യം നല്കുന്നതില് വികസിത രാജ്യങ്ങള്‍ കാണിക്കുന്ന ആവേശം വികസ്വര രാജ്യങ്ങളില്‍ ഉണ്ടാകുന്നില്ല.
നെടുംതൂണായി വിശ്വകര്‍മ്മജര്‍
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം അനന്യമാണ്. ഇവിടുത്തെ കോട്ടകൊത്തളങ്ങളും നഗരവീഥികളും ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര നിര്‍മ്മിതികളും എന്നുവേണ്ട എല്ലാത്തരം കരവിരുതുകളും രൂപകല്പനകളും ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ചരിത്രാതീത കാലം മുതലുള്ള ഭാരതീയ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്റെ നിസ്തുല ശ്രേണിയായി നിലനിന്നുപോരുന്നവരാണ് വിശ്വകര്‍മ്മ സമൂഹം. നിര്‍മാണ പ്രവൃത്തികളുടെ ഉപജ്ഞാതക്കളായ ഈ സമൂഹം നിര്‍മാണ രംഗങ്ങളിലെ അഞ്ച് നെടും തൂണുകളാണ്. അഞ്ച് തൊഴില്‍ വിഭാഗങ്ങളിലായി വ്യാപരിക്കുന്ന ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പൊതു സമുദായമായിട്ടാണ് ഇവര്‍ അതിജീവിച്ചു പോരുന്നത്. പ്രസ്തുത കരകൗശല വിദഗ്ധരുടെ നിര്‍മാണ വൈദഗ്ധ്യം ആത്മനിര്‍ഭര്‍ ഭാരത സൃഷ്ടിക്കായി ഉപയുക്തമാക്കേണ്ടിയിരിക്കുന്നു. വിശ്വകര്‍മ്മ സമുദായത്തിന്റെ കരവിരുതുകളാലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ പരിപോഷിപ്പിക്കാനുള്ള നയാവിഷ്കാരങ്ങള് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുവാനും സൃഷ്ട്യുന്മുഖ വ്യാപാര മേഖലയുടെ വികസനം അനിവാര്യമാണ്.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2021 സുസ്ഥിര വികസനത്തിനായുളള സൃഷ്ട്യുന്മുഖ സമ്പദ് ക്രമത്തിന്റെ അന്താരാഷ്ട വര്‍ഷമായി ആചരിക്കുന്നു. ഭാരതീയ കരകൗശല വിദഗ്ധര്‍ക്കായുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നത് വിശ്വകര്‍മ്മ സമൂഹത്തിന് ഉത്തേജനമാകും. കരകൗശല വ്യവസായങ്ങള്‍ക്ക് വന്‍ മുതല്‍മുടക്ക് വേണ്ടിവരുന്നില്ല. നിര്‍മ്മാണ സാമഗ്രികളും യന്ത്രസാമഗ്രികളും ആധുനിക നിര്‍മ്മിതികളില്‍ ലഭ്യമാവുന്നവയാണ്. അവ അസംഘടിത മേഖലയില്‍ വികസിതമാക്കാവുന്ന ചെറുവ്യവസായ കേന്ദ്രങ്ങളാണ്. വീടുകളിലോ ചെറുകെട്ടിടങ്ങളിലോ നിര്‍മാണങ്ങള്‍ നടത്താം. അവയെ പ്രോത്സാഹിപ്പിക്കുന്നത് ചെറുഉദ്യമങ്ങളുടെ, വ്യക്തിഗത സംരംഭങ്ങളുടെ വ്യാപനത്തിന് സഹായമാവും.
വികസിത രാജ്യങ്ങള്‍ സൃഷ്ട്യുന്മുഖ സമ്പദ്ഘടനയുടെ വികാസത്തിനും പരിപോഷണത്തിനും ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ പ്രസ്തുത രംഗത്തെ സൃഷ്ടിവൈഭവത്തെ സാമ്പത്തിക ഉത്തോലകങ്ങളായി മാറ്റുവാന്‍ ആവിഷ്കരിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തികനയാവിഷ്കാരങ്ങളില് കൃഷിക്കും വിദേശ വ്യാപാരത്തിനും കരകൗശല മേഖലക്കും മതിയായ പ്രാമുഖ്യം നല്‍കിയിരുന്നില്ല. പൊതു മേഖലയിലധിഷ്ഠിതമായ വന്‍കിട വ്യവസായങ്ങളേ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു നെഹ്റുവും പിന്നെ ഇന്ദിരാഗാന്ധിയും ആവിഷ്കരിച്ചത്. 1991 ലെ ഉദാരവത്കൃത സാമ്പത്തിക നയം ഭാരത സമ്പദ്ഘടനയ്ക്ക് ഉത്തേജനമായി.
ഭാരത നിര്‍മിതിയുടെ നാഴികക്കല്ല്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് സമ്പദ്രംഗം പ്രഫുല്ലമായത്. മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വികസനരംഗത്ത് പുതിയൊരു ഉത്തേജനമായി. ഡിജിറ്റല്‍ ഇന്ത്യാ, സ്റ്റാര്‍ട്ട് അപ് ഇന്ത്യാ മുതലായ പദ്ധതികളോടൊപ്പം നൈപുണ്യ വികസനവും വികസന പദ്ധതികളായാവിഷ്കരിച്ചു.
ഭാരതത്തിലെ നിര്‍മാണ വൈഭവത്തിന്റെ സ്നിഗ്ദ്ധ സൗഭഗം തദ്ദേശീയ കരകൗശല വിദഗ്ധരായ വിശ്വകര്‍മ്മ സമൂഹത്തിന്റെ നിര്‍മ്മാണ വൈദഗ്ധ്യമാണ്. നിര്‍മാണ സാമ്പത്തികതയുടെ അഞ്ച് നെടുംതൂണകളായിട്ടാണ് വിശ്വകര്‍മ്മ തൊഴില്‍ വക്താക്കളെ വിശേഷിപ്പിക്കുന്നത്. ഇരുമ്പു പണിക്കാര്, മരപ്പണിക്കാര്‍, ചെമ്പ്-ഓട്ടു പണിക്കാര്, ശില്പികള്, സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കള്‍ എന്നിവരാണിവര്‍. തദ്ദേശീയ കരകൗശല വിദഗ്ധരായ വിശ്വകര്‍മ്മജരുടെ ശില്പചാരുതയും സൃഷ്ടിവൈഭവവും ചാലിച്ച് നിര്‍മിതമാവുന്ന പയ്യന്നൂര്‍ പവിത്രമോതിരവും കുഞ്ഞിമംഗലം-മാന്നാര്‍ ഓട്ടുനിര്മ്മിതികളും ആറന്മുള-അടക്കാപുത്തൂര്‍ ലോഹ കണ്ണാടികളും, ആറന്മുള ചുണ്ടന് വള്ളങ്ങളും കരമന ഓണവില്ലും സ്വാമിമല ഓട്ടു ശില്‍പ്പങ്ങളും തഞ്ചാവൂര്‍ കലാമകുടങ്ങളും ശിങ്കാരി പട്ടണം ശിലാശില്‍പ്പങ്ങളും വിശ്വകര്‍മ്മ ശില്‍പ്പചാതുര്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്.
വിശ്വകര്‍മ്മ നിര്‍മാതാക്കളുടെ കലാചാരുതയും നിര്‍മാണ വൈദഗ്ധ്യവും ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വൈഭവമാണ് ഭാരത വികസന പദ്ധതികള്‍ക്ക് നിയാമകമാകേണ്ടത്. അങ്ങനെയെങ്കില്‍ ‘ഭാരത നിര്‍മിതി’യുടെ പുതിയ നാഴികക്കല്ലാവും അത്. സംസ്കാര സമ്പന്നമായ ഹാരപ്പന്‍ സമ്പദ്വ്യവസ്ഥയുടെ ഉത്പന്നമായ വിശ്വകര്‍മ്മ നിര്‍മാണ വൈഭവം സനാതന മൂല്യങ്ങളിലൂടെ ആവിര്‍ഭവിച്ചതാണ്. സ്വായത്തമാക്കാന്‍ കഴിയാതിരുന്ന സ്വതസിദ്ധമായ ഒരു ഭാരതീയ വികസന പ്രത്യയശാസ്ത്രം രൂപപ്പെടുത്താന്‍ വിശ്വകര്‍മ്മ സൃഷ്ടി വൈഭവത്തെ ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയുമായി സംയോജിപ്പിക്കയേ വേണ്ടൂ. അത് സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കാം.
(കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ബെംഗളൂരുവിലെ ടാഗോര്‍ നാഷണല്‍ ഫെലോ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: