ചണ്ഡീഗഡ്: പാകിസ്ഥാനുമായുള്ള അതിര്‍ത്തി തുറന്നിട്ട് വ്യാപാരബന്ധം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു ഇമ്രാന്‍ഖാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് മന്‍ജീന്ദര്‍ സിംഗ് സിര്‍സ. എന്തായാലും ഉദ്ദേശശുദ്ധിയോടെയല്ല സിദ്ദു ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഈയിടെയാണ് ബിെജപിയില്‍ ചേര്‍ന്നത്.
‘വ്യാപാരവും സാഹോദര്യവും മോശം കാര്യമല്ല. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം പാകിസ്ഥാനെയും പാകിസ്ഥാന്റെ രഹസ്യസേനയായ ഐഎസ് ഐയെയും തൃപ്തിപ്പെടുത്തലാണ്. പാകിസ്ഥാനിലെ ടെലിവിഷനുകളില്‍ വാര്‍ത്തയാക്കാവുന്ന പ്രസ്താവനകളാണ് സിദ്ദു നടത്തുന്നത്. പിന്നീട് ഈ പ്രസ്താവനകള്‍ ഐക്യരാഷ്ട്രസഭയിലെത്തും. ഇന്ത്യയിലെ ഒരു പൗരന് അവകാശപ്പെടുന്നു എന്ന രീതിയിലായിരിക്കും അവിടെ ഈ പ്രസ്താവനയെത്തുക. ഇന്ത്യ പാകിസ്ഥാനോട് എന്തോ അനീതി കാണിക്കുന്നു എന്ന രീതിയിലായിരിക്കും ഈ പ്രസ്താവന പിന്നീട് മാറിമറിഞ്ഞെത്തുക. ഇത്തരം പ്രസ്താവനകള്‍ പാകിസ്ഥാന് തന്നെ സിദ്ദുവഴി യുഎന്നിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുകയാണ്. സിദ്ദുവിന്റെ ലക്ഷ്യമാകട്ടെ പാക് ചാരസംഘടനയായ ഐഎസ് ഐയുടെയും ഇമ്രാന്‍ഖാന്റെയും ഭാഷ സംസാരിക്കുക എന്നതാണ്,’ മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ഞായറാഴ്ച ഈ പ്രസ്താവനയുടെ പേരില്‍ സിദ്ദുവിനെതിരെ തിരിഞ്ഞിരുന്നു. ‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി തന്നെ സിദ്ദു ഉപകാരത്തിന് കൊള്ളാത്ത നേതാവാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. സിദ്ദു ഒരു അനിയന്ത്രിത മിസൈലാണെന്ന് പറയാന്‍ അദ്ദേഹം മറന്നുപോയി. അനാവശ്യമായി പ്രശ്നങ്ങളിലേക്ക് എടുത്തുചാടുന്ന വ്യക്തിയാണ് സിദ്ദു. മുഖ്യമന്ത്രിക്കസേര മാത്രമാണ് സിദ്ദുവിന്റെ ലക്ഷ്യം. പക്ഷെ ചന്നിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും മാറ്റാന്‍ സിദ്ദുവിന് ആകില്ല. ആരാണ് കൂടുതല്‍ തന്ത്രശാലി എന്ന മത്സരമാണ് സിദ്ദുവും കെജ്രിവാളും തമ്മില്‍ നടക്കുന്നത്,’ സിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: