തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അറിയപ്പെടാത്ത നായകരെ ആസ്പദമാക്കി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ യുവ ചലച്ചിത്രകാരന്മാര് മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി എല്‍. മുരുഗന്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് സൗന്ദര്യബോധത്തോടെ സിനിമ സൃഷ്ടിക്കാനായി പുതിയ തലമുറ ശ്രമിക്കണമെന്നും ഡോ.എല്‍ മുരുഗന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ‘ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കായികം, ആരോഗ്യം, സിനിമ, സാഹിത്യം, കല, ശാസ്ത്രം എന്നീ മേഖലകളില്‍ പുതിയ വഴി തെളിച്ച കേരളത്തിലെ സ്ത്രീകളുടെ മഹത്തായ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ സിനിമ ഫലവത്തായി കൈകാര്യം ചെയ്യുന്നു. ഇത്തരത്തില്‍ സിനിമ പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ വേഗത്തില്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസ് വഴി ഏക ജാലക സംവിധാനം ആരംഭിച്ചതായി എല്‍. മുരുഗന് ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയും ശാക്തീകരണവും മുന്‍ നിര്‍ത്തി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആശയത്തേയും ഉള്ളടക്കത്തെയും അദേഹം അഭിനന്ദിച്ചു. ജി. സുരേഷ്കുമാര്‍ അധ്യക്ഷം വഹിച്ചു. മണിയന്‍പിള്ള രാജു, പ്രൊഫ. കെ ഓമനക്കുട്ടി, മേനകാ സുരേഷ്, രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു
ഷീ ഫിലിം ഫെസ്റ്റിവലിലെ 150 എന്‍ട്രികളില്‍ മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് നല്കി. ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അഭിനേതാക്കളായ ടൊവിനോ തോമസും കീര്‍ത്തി സുരേഷും വിശിഷ്ടാതിഥികളായിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, മോഹന്‍ലാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സ്ത്രീ സുരക്ഷ പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: