കേരളത്തിലെ ഹിന്ദുസമാജത്തിന് കരുത്തും ആധ്യാത്മിക ഔന്നത്യവും നല്‍കിയ സംപൂജ്യ വേദാനന്ദസരസ്വതി സ്വാമികള്‍ കഴിഞ്ഞ ദിവസം സ്വധാമം പൂകിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഏതാണ്ട് അരനൂറ്റാണ്ട് നീണ്ടുനിന്ന അടുപ്പം മനസ്സില്‍ തെളിഞ്ഞുവന്നു. കോട്ടയം ജില്ലയിലെ ളാക്കാട്ടൂര്‍ ഗീതാമന്ദിരം ആശ്രമത്തിന്റെ മഠാധിപനായിരിക്കെയായിരുന്നു സമാധിയായത്. ഏതാനും
ദിവസങ്ങള്‍ മുന്‍പ് അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണെന്നറിഞ്ഞിരുന്നു. സ്വാമിജിയുമായുള്ള പരിചയം യാദൃച്ഛികമായാണുണ്ടായത്. ഞങ്ങളുടെ ഗ്രാമമായ പെരുമ്പള്ളിച്ചിറയില്‍ മനോഹരമായ പ്രകൃതിഭംഗി തുളുമ്പിനില്‍ക്കുന്ന രണ്ടു വലിയ ചിറകള്‍ക്കിടയില്‍ ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണാക്ഷേത്രം. അതിന്റെ കൈകാര്യ കര്‍തൃത്വം സമീപത്തുള്ള ഒരു വാരിയത്തിനായിരുന്നു. പ്രശസ്ത സാഹിത്യശില്‍പിയായിരുന്ന എം.എസ്. ചന്ദ്രശേഖര വാര്യര്‍ നിര്‍മലാനന്ദഗിരിയുമായുണ്ടായ സൗഹൃദ സംഭാഷണത്തിനിടയില്‍ ക്ഷേത്രത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ പറ്റിയ ആളെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ചിന്മയാമിഷനിലെ ശ്രീമദ് വേദാനന്ദസരസ്വതി സ്വാമിജിയെ പരിചയപ്പെടുത്തുകയും, അദ്ദേഹവും ശിഷ്യഗണങ്ങളും വാരിയരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന്റെ ഫലമായി ക്ഷേത്രം സ്വാമിജിക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. ചിന്മയാനന്ദജിയുടെ അനുമതിയോടെ ക്ഷേത്രം സ്വാമിജിയുടെ ചുമതലയിലായി. സ്വാമിജി ക്ഷേത്രവളപ്പില്‍തന്നെ സ്വന്തം ആശ്രമം സ്ഥാപിച്ചു. അവിടത്തെ ബാലികാബാലന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ആധ്യാത്മിക പരിപാടികള്‍ ധാരാളം നടന്നു. ചിന്മയമിഷന്റെ സംസ്ഥാന ഭാരവാഹിത്തവും സ്വാമിജിക്കുണ്ടായിരുന്നു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ശക്തമായി. ആധ്യാത്മിക വിഭൂതികള്‍ ഈ ചെറുഗ്രാമത്തില്‍ വന്ന് ഇവിടത്തെ ഹൈന്ദവരെ അനുഗ്രഹിച്ചു.
ലക്ഷാര്‍ച്ചന, ഭാഗവതസപ്താഹം മുതലായവയിലൂടെ ആധ്യാത്മരംഗത്തേക്ക് നാട്ടുകാരെയും അയല്‍ഗ്രാമങ്ങളിലുള്ളവരെയും സ്വാമിജി ആകര്‍ഷിച്ചു. കോട്ടയം, മീനച്ചല്‍, തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ മുതലായ സ്ഥലങ്ങളില്‍നിന്നും ശിഷ്യസംഘങ്ങള്‍ ഇവിടെ വന്നു താമസിച്ചിരുന്നു.സ്വാമിജിവിശ്വഹിന്ദുപരിഷത്തിന്റെ മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ സംയോജകനായി വരിക്കപ്പെട്ടിരുന്നു. ശ്രീരാമജന്മഭൂമി പ്രശ്‌നം സജീവമായി വന്നപ്പോള്‍ അതു സംബന്ധിച്ച് നാട്ടിലെ ഹൈന്ദവ ജനതയെ പ്രബുദ്ധരാക്കാന്‍ മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ പര്യടനം നാടുനീളെ സംഘടിപ്പിച്ചതിനും സ്വാമിജി നേതൃത്വം നല്‍കി. സ്വര്‍ഗീയ മാധവജിയുമായി സ്വാമിജി സുദീര്‍ഘമായി സംഭാഷണം നടത്തിയാണ് മൊത്തത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തത്.
ചിന്മയാനന്ദസ്വാമികള്‍ തന്നെ സ്വാമിജി ക്ഷേത്രപരിസരത്ത് സ്ഥാപിച്ച ആശ്രമത്തിന്റെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനത്തിനെത്തിയത് ഇവിടത്തെ ഹൈന്ദവ ഗ്രാമീണോത്‌സവമായി ആഘോഷിച്ചിരുന്നു. പുതിയ ആശ്രമമന്ദിരത്തിന് ശില സ്ഥാപിക്കാനും ആ അവസരം ഉപയോഗിക്കപ്പെട്ടു. തൊടുപുഴ നഗരത്തിലെ ടൗണ്‍ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലും ചിന്മയാനന്ദജി പങ്കെടുത്തു. തങ്ങള്‍ ന്യൂനപക്ഷമായ തൊടുപുഴയില്‍ ഹിന്ദുക്കള്‍ വോട്ടുബാങ്കുപോലെ നില്‍ക്കണമെന്നായിരുന്നു സ്വാമിജിയുടെ ഉപദേശം.
വേദാനന്ദ സരസ്വതി സ്വാമിജിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്ത്, ശോചനീയാവസ്ഥയിലായിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണം നടത്തി. സമീപപ്രദേശങ്ങളിലുള്ള ദയനീയാവസ്ഥയിലായിരുന്ന അനേകം ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിന് സ്വാമിജി പ്രചോദനവുമായിത്തീര്‍ന്നു.
ഭാരതമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങളെ കൊണ്ടുപോകാനും അദ്ദേഹം ഉത്‌സാഹിച്ചിരുന്നു. ഉത്തരകാശിയിലെ ചിന്മയമിഷന്‍ കേന്ദ്രത്തില്‍ സ്വാമിജിതാമസിക്കുന്നതിനിടെയായിരുന്നു അമേരിക്കയിലായിരുന്ന ചിന്മയാനന്ദജി സമാധിയടഞ്ഞത്. അദ്ദേഹത്തിന്റെ പാ
ര്‍ഥിവദേഹം ആസ്ഥാനത്തെത്തിച്ച് സമാധിയിരുത്തിയശേഷമാണ് വേദാനന്ദജി കേരളത്തിലേക്ക് മടങ്ങിയത്. പിന്നീട് മിഷന്റെ നേതൃത്വമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതിനാല്‍ സ്വന്തം നിലയ്‌ക്കുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവന്നു. അതിനു മുന്‍പ് അദ്ദേഹം പെരുമ്പള്ളിച്ചിറയിലെ ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിന് രേഖാമൂലം കൈമാറി. അന്ന് സംസ്ഥാന ചുമതലയുണ്ടായിരുന്ന ശ്രീകാശിവിശ്വനാഥനും മറ്റു നേതാക്കന്മാരും അതേറ്റു വാങ്ങാന്‍ വരികയുണ്ടായി.
ചെങ്ങന്നൂര്‍ പുത്തന്‍കാവ്, പെരുവ, ളാക്കാട്ടൂര്‍ മുതലായ സ്ഥലങ്ങളിലെ ആശ്രമങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയിരുന്നു. ചെറുകോല്‍പുഴ, റാന്നി, മീനച്ചല്‍ മുതലായ സ്ഥലങ്ങളിലെ ഹിന്ദുമത പരിഷത്തുകളില്‍ നിറസാന്നിദ്ധ്യമായിരുന്നു സ്വാമിജി. സൗമ്യതയോടെയുള്ള സമീപനത്തിലൂടെ അദ്ദേഹം ഹൈന്ദവ മനസ്സില്‍ പ്രസരിപ്പിച്ച ശാന്തിയും ദൃഢതയും ആദ്ധ്യാത്മിക പ്രകാശവും ഒരുകാലത്തും മങ്ങിപ്പോവുകയില്ല.
ആ അഗ്നിജ്വാല അണഞ്ഞു
സ്വാമിജി പ്രസരിപ്പിച്ചുകൊണ്ടിരുന്നതു സാത്വിക തേജസ്സായിരുന്നെങ്കില്‍ ആറേഴു പതിറ്റാണ്ടുകാലം ഗുരുവായൂരിലെയും പരിസരങ്ങളിലെയും ഹൈന്ദവജനതയെ സ്വന്തം പൗരുഷംകൊണ്ടും സ്ഥൈര്യംകൊണ്ടും നിര്‍ഭയത്വംകൊണ്ടും ആശ്വസ്തനാക്കിയ അസാധാരണനായ സാധാരണക്കാരന്‍ വീട്ടിക്കിഴി കേശവന്‍ നായര്‍ എന്ന കേശവന്‍ നായര്‍ എന്ന കേശു ഈ ലോകവാസമവസാനിപ്പിച്ച വിവരവും അനവധിപേര്‍ അറിയിക്കുകയുണ്ടായി. ഗുരുവായൂരില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച 1945 മുതല്‍ തന്നെ അദ്ദേഹം സ്വയംസേവകനായി. അവിടെ പ്രചാരകനായി ഞാന്‍ പ്രവര്‍ത്തിച്ചത് 1957-58 ലാണ്. കേശുവിന്റെ കുടുംബം നടത്തിവന്ന ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ജയകൃഷ്ണ കേഫിലായിരുന്നു ആദ്യ ഭക്ഷണം, അവിടെ കൊണ്ടുപോയതു പരമേശ്വര്‍ജിയും. അന്ന് ഒന്നാം കമ്യൂണിസ്റ്റ് വാഴ്ച തുടങ്ങിയതേയുള്ളൂ. ഭക്ഷണസാധനങ്ങളുടെ വില കേട്ടാല്‍ ഇന്നത്തെ തലമുറ വിസ്മയിക്കും. ചായ ഒരണ, ചെറുകടികള്‍ക്ക് അരയണ, ദോശ ഇഡ്ഡലി ഒരണ. ഒരണ ഇന്നത്തെ ആറുപൈസക്കു തുല്യം. പത്രത്തിനു വില ഒരണ. ദശാംശ നാണയങ്ങള്‍ നി
ര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. ഒരു രൂപ സമം പതിനാറണ, ഒരണ 12 പൈസ. ഒരു രൂപയുണ്ടെങ്കില്‍ രണ്ടുനേരത്തെ ഊണും രണ്ടുനേരത്തെ ലഘുഭക്ഷണവും ആകുമായിരുന്നു. ടി.എന്‍.ഭരതന്‍, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മാര്‍ത്താണ്ഡവര്‍മ, കേസരി മാനേജര്‍ എ. രാഘവന്‍, മലബാര്‍ പ്രചാരകന്‍ ശങ്കര്‍ ശാസ്ത്രി മുതലായവര്‍ ഗുരുവായൂരിലെത്തിയാല്‍ ഹാജര്‍ വെച്ചറിയിച്ചിരുന്നതു കേശുവിന്റെ കടയിലായിരുന്നു.
സംഘപ്രവര്‍ത്തനം ഗുരുവായൂര്‍ ചാവക്കാട്ട് ഭാഗത്താരംഭിച്ചപ്പോള്‍ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ള ഹിന്ദുക്കളുടെ സഹകരണമുണ്ടായി. മൈസൂര്‍ ആക്രമണകാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം തിരുവിതാംകൂറിലെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്കും, അതിനടുത്ത് ശാസ്താംകോട്ടയ്‌ക്കു സമീപത്തു തെക്കന്‍ ഗുരുവായൂര്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിലും മാറ്റി പ്രതിഷ്ഠിച്ചിരുന്നുവല്ലോ. ഗുരുവായൂരിനടുത്ത് ചെന്തിട്ട ശിവക്ഷേത്രത്തിലായിരുന്നു ടിപ്പുവിന്റെ കുതിരപ്പന്തി. ചാവക്കാട്ട് മുസ്ലിം ശക്തി കേന്ദ്രമായി. മുസ്ലിം ഭീഷണി ഏറെ അനുഭവിച്ച സ്ഥലങ്ങളായിരുന്നു ഇവ.
1958 ല്‍ ഗുരുവായൂരിനു പടിഞ്ഞാറു മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളില്‍നിന്നു വരേണ്ടിയിരുന്ന എഴുന്നെള്ളിപ്പുകള്‍ മുസ്ലിം ഭീഷണി മൂലം അസാധുവായ സംഭവമുണ്ടായി. 1957 ലെ ഇഎംഎസിന്റെ കമ്യൂണിസ്റ്റ് വാഴ്ചയില്‍ ഹിന്ദുക്കള്‍ക്കുമേല്‍ കുതിര കയറ്റം നടത്തിയ ആദ്യ സംഭവമായിരുന്നു അത്. പോലീസ് മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരുടെ ടെക്‌നിക്കുകള്‍ മൂലം അവിടെ നിരോധനാജ്ഞ നടപ്പാക്കി. അത് ഈഴവ(തീയ)സമുദായത്തിന്റെ ചാവക്കാട്ടു താലൂക്കിലെ പ്രധാന ക്ഷേത്രമായിരുന്നു. അടുത്ത വര്‍ഷം ഉത്സവവമാരംഭിക്കുന്നതിന് മുന്‍പുതന്നെ പരമേശ്വര്‍ജി, ടി.എന്‍. ഭരതന്‍, അവിടുത്തെ മുതിര്‍ന്ന സ്വയംസേവകര്‍, സംഘചാലക് ബാരിസ്റ്റര്‍ എന്‍.എന്‍. മേനോന്‍ മുതലായവര്‍ കൂടിയാലോചിച്ച് പ്രത്യക്ഷ സമരം നടത്തേണ്ടി വന്നാലും ക്ഷേത്രോത്സവം നടത്തണമെന്നുറച്ചു. അന്ന് സമരത്തിന് മുന്നിട്ടിറങ്ങിയവരുടെ മുന്നില്‍ കേശുവായിരുന്നു. ശിവരാത്രി ദിവസം മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍നിന്ന് പൂജിച്ചു വാങ്ങിയ ചന്ദ്രക്കല ഏകദേശം ആറു കി.മീ. അകലെയുള്ള മണത്തല വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലയില്‍ ചുമന്ന് സമര്‍പ്പിക്കുകയായിരുന്നു വ്രതം. കൂടെപ്പോകാന്‍ വേറെ വ്രതധാരികളും. ചാവക്കാട്ട് ഹൈദ്രോസ് മൂപ്പന്റെ പള്ളിക്കു മുന്നിലെ നിരോധം ലംഘിക്കുമ്പോള്‍ അവരെ അറസ്റ്റ് ചെയ്തു നീക്കി. ഈ സമരം ഒട്ടേറെ ഉദ്വേഗജനക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. മലബാറിലും തൃശ്ശിവപേരൂര്‍ ജില്ലയിലും കോളിളക്കമുണ്ടാക്കി. സംഘര്‍ഷവും തീവെപ്പുകളും കൊലകളും നടന്നു. പ്രശ്‌നം കോടതിയിലെത്തി. പൊതുനിരത്തിലൂടെ എഴുന്നെള്ളിപ്പിന് തടസ്സം വരാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്നു മുതല്‍ ഇതുവരെയും ആ ഉത്സവത്തിന് ഭംഗം വരുത്താന്‍ ആരും മുന്നില്‍ വന്നില്ല. ആ സമരത്തിന്റെ മുന്നണിപ്പോരാളി പരേതനായ കേശവന്‍ നായരായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1970 ലെ ഏകാദശി മഹോത്സവം അവസാനിച്ച രാവില്‍ ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായത് സകലരെയും പരിഭ്രാന്തരാക്കി. ഉത്സവകാലത്തെ എണ്ണയില്‍ കുതിര്‍ന്നു നിന്ന വിളക്കുമാടം ആളിക്കത്തുകയായിരുന്നു. ശ്രീകോവില്‍ അടച്ചിരുന്നില്ല. തന്ത്രിമാര്‍ ഇതികര്‍ത്തവ്യതാമൂഢതയിലും. കേശവന്‍ നായര്‍ അവരുടെ സമക്ഷത്തിലെത്തി ചേന്നാസ് തന്ത്രി മുഖ്യനോട് അകത്തു കയറാന്‍ അനുമതി ചോദിച്ച്, തീര്‍ത്ഥക്കുളത്തില്‍ മുങ്ങി അകത്തു കയറി വിഗ്രഹത്തെ അടക്കം പിടിച്ചു പുറത്തുകടന്ന് അദ്ദേഹത്തെ ഏല്‍പ്പിച്ചു. കേശവന്‍ നായരുടെ പ്രത്യുത്പന്നമതിത്വവും ധൈര്യവും ആണ് അന്ന് ആപത്തില്‍ രക്ഷയായത്. ഈ മേന്മ തമ്പേറടിച്ച് ഘോഷിക്കാന്‍ കേശുവാകട്ടെ സംഘമാകട്ടെ ഒരിക്കലും തുനിഞ്ഞില്ല. സംഘ സംസ്‌കാരം അതാണല്ലൊ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ ഗുരുവായൂര്‍ തന്നെയുണ്ട്. ഒരാള്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തിലുള്ള വൃദ്ധമാതൃസദനത്തിന്റെ ചുമതല വഹിക്കുകയായിരുന്നു ഞാന്‍ അവസാനം കണ്ടപ്പോള്‍. ഞാന്‍ കുടുംബസമേതം എന്റെ മുന്‍പത്തെ ഗുരുവായൂര്‍ യാത്രയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആറുപതിറ്റാണ്ട് നീണ്ട സംഘബന്ധത്തിന്റെ നിര്‍വൃതിയായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: