സജികുമാര്‍ കുഴിമറ്റം
പ്രതീക്ഷിച്ചിരിക്കാതെ പ്രയാസങ്ങള്‍ പലതും വന്നുപെടുന്ന ജീവിതമാണ് പ്രവാസികളുടേത്. ഉറ്റവരേയും ഉടയവരേയും ജന്മനാട്ടിലാക്കി പ്രവാസിയാകുന്നവര്‍ക്ക് ഒറ്റലക്ഷ്യമേ ഉള്ളൂ, എത്ര കഷ്ടപ്പാടുകള്‍ സഹിച്ചായാലും നാട്ടില്‍ നല്ലനിലയില്‍ ജീവിക്കാന്‍ സാഹചര്യമൊരുക്കുക. എണ്ണപ്പണത്തിന്റെ ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍തേടിപ്പോയ ലക്ഷക്കണക്കിനു മലയാളികള്‍ നല്ലവീടും തെറ്റില്ലാത്ത ബാങ്ക്ബാലന്സുമായി മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കി. എന്നാല്‍ ഹതഭാഗ്യരായ ചിലര്‍ക്ക് പ്രവാസമെന്നത് സമാനതകളില്ലാത്ത നരകദുരിതമായി. തൊഴില്ത്തട്ടിപ്പില്പ്പെട്ടവര്, അപകടങ്ങള്‍ വീഴ്ത്തിക്കളഞ്ഞവര്, കാന്‍സറും പക്ഷാഘാതവും പോലുള്ള രോഗങ്ങളാല്‍ ആരും തുണയില്ലാതെ ആശുപത്രി കിടക്കള്ക്കു ദീര്‍ഘകാല അവകാശികളായവര്‍… ഇങ്ങനെപോകുന്നു ഈ ഹതഭാഗ്യരുടെ പട്ടിക. ചില നിഷ്കളങ്കര്ക്കാവട്ടെ അതിസാമര്‍ത്ഥ്യക്കാരുടെ കൊടുംചതിയാല്‍ മണലാരണ്യങ്ങളിലെ കനത്ത കല്ത്തുറുങ്കുകളിലാവുന്നു ശിഷ്ടജീവിതം.
പ്രവാസത്തിലെ ഈ ദുരിതജന്മങ്ങള്‍ക്ക് ഖത്തറില്‍ പ്രത്യാശയുടെ പൊന്‍വെട്ടം പകര്‍ന്ന് പുതുജീവനേകുന്ന ഒരാളുണ്ട്. മാനവസേവ മാധവസേവ എന്ന മന്ത്രം സേവാവ്രതമാക്കിയ ഗോവിന്ദ് പാലക്കത്ത്. ഖത്തറില്‍ പുനര്‍ജനി എന്ന സാമൂഹ്യസേവന സംഘടനക്കു തുടക്കമിട്ട ഇദ്ദേഹം രാഷ്ട്രീയഭേദമെന്യേ അടുപ്പക്കാര്‍ക്കെല്ലാം ഗോവിന്ദ് ജി ആണ്. ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവാസികള്‍ക്കു വിവിധ സേവനങ്ങള്‍ ഉറപ്പാക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറ(ഐസിബിഎഫ്)ത്തിനു കീഴില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പുനര്‍ജനി. ഗോവിന്ദ് ജിയുടെ നേതൃപരമായ ഇടപെടലും മാര്‍ഗനിര്‍ദേശവുമാണ് പുനര്‍ജനിയെ ഖത്തറിലെ ഏറ്റവും മികച്ച സേവാസംഘടന ആക്കിത്തീര്‍ത്തത്.
ഗോപാലമേനോന്റെയും ദേവകിഅമ്മയുടേയും മകനായി 1965ല്‍ തൃശൂരില്‍ ജനിച്ച ഇദ്ദേഹം ബിരുദാനന്തരം ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ സേവാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 1998ല്‍ യുഎഇയിലെത്തിയ ഗോവിന്ദ് 2000ലാണ് ഖത്തറിലേക്ക് കര്‍മമണ്ഡലം മാറ്റുന്നത്. കഴിഞ്ഞ 21 വര്‍ഷമായി കര്‍മഭൂമി എന്നതിലപ്പുറം സേവാഭൂമിക എന്നിലയിലാണ് അദ്ദേഹം ഖത്തറില്‍ കഴിയുന്നത്.
രണ്ടു പതിറ്റാണ്ടു പിന്നിട്ട ഖത്തര്‍ ജീവിതത്തിനിടയില്‍ ഈ തൃശൂര്ക്കാരന് നാട്ടിലെത്തിച്ചത് ജീവച്ഛവങ്ങളെന്നപോല് വെന്റിലേറ്റര്‍ സഹായത്തോടെ മാത്രം ജീവന് നിലനിര്ത്തിയവരുള്പ്പെടെ അനേകം രോഗികളെയാണ്. ഖത്തറിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയായ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, റുമൈല റീഹാബിലിറ്റേഷന്‍ സെന്റര്‍, നാഷണല്‍ കാന്‍സര്‍ സെന്റര്‍, അല്‍ ഖോര്‍, അല്‍ വക്ര ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇന്ത്യന്രോഗികളുടെ സഹായത്തിനായി ആദ്യം വിളിയെത്തുന്നത് ഗോവിന്ദിന്റെ മൊബൈലിലേക്കാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാത്രം 33 രോഗികളെയാണ് ഇദ്ദേഹം നാട്ടിലെത്തിച്ചത്.
മാസങ്ങള്‍ നീളുന്ന അശ്രാന്ത പരിശ്രമം
തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നതിനാല്‍ കമ്പനികള്‍ തിരിഞ്ഞുനോക്കാത്ത തുച്ഛവരുമാനക്കാരായ നിര്‍മ്മാണത്തൊഴിലാളികളാണ് ഈ മനുഷ്യസ്നേഹിയുടെ ഇടപെടലില്‍ പിറന്നമണ്ണിലേക്ക് തിരിച്ചെത്തിയവരില്‍ ഏറെയും. ഇവരില്‍ 15 പേര് ദീര്‍ഘകാലമായി അബോധാവസ്ഥയിലോ അര്ദ്ധാബോധാവസ്ഥയിലോ തുടരുന്ന ശയ്യാവലംബികളായിരുന്നു. ഏഴുപേര്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നവരും.
ഏറെനാള്‍ അബോധാവസ്ഥയിലും വെന്റിലേറ്ററിലും കഴിയുന്ന രോഗികളെ ഖത്തറിലെ വിവിധ ആശുപത്രികളില്‍ നിന്ന് തുടര്‍ചികിത്സയ്ക്കായി നാട്ടിലെത്തിക്കുന്നത് വന്‍ പണച്ചെലവുള്ള കാര്യമാണ്.അതിലേറെ ദുഷ്കരമാണ് ഇവരുടെ യാത്രാരേഖകള്‍ ശരിയാക്കുക എന്നത്. ചികിത്സക്കിടെ വീസാകാലവധി കഴിയുകയും, പാസ്പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെടുകയും ചെയ്ത് യാത്രാവിലക്കു നേരിടുന്ന ഇവരെ ജന്മനാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ആദ്യം ഇന്ത്യന്‍ എംബസിയിലും പിന്നെ മാസങ്ങളോളം ഖത്തര്‍ സര്‍ക്കാരിന്റെ വിവിധ ഓഫീസുകളിലും കയറിയിറങ്ങണം. ഇതിന്റെ കഷ്ടപ്പാടുകള്‍ നമ്മുടെ ഊഹത്തിനും അപ്പുറമാണ്.
വെന്റിലേറ്ററോടെ രോഗിയെ വിമാനത്തില്‍ കയറ്റാന്‍ ആറു സീറ്റുകള്‍ മാറ്റേണ്ടതുണ്ട്. രോഗിയുടെ യാത്രാടിക്കറ്റിനു പുറമേ ഈ ആറു സീറ്റുകളുടേയും പണം എയര്‍ലൈന്‍സിനു നല്‍കണം. ഡോക്ടര്‍, നഴ്സ്, റസ്പിറേറ്ററി തെറാപ്പിസ്റ്റ് എന്നിവരടങ്ങിയ മൂന്നംഗ മെഡിക്കല്‍സംഘം യാത്രതീരുംവരെ ഒപ്പമുണ്ടാവണം. ഇവര്‍ക്ക് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ടിക്കറ്റും അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യയില്‍ ഒന്നോ രണ്ടോ ദിവസത്തെ താമസസൗകര്യവും ഉറപ്പാക്കണം. ഒരു രോഗിക്ക് ഈ ഇനത്തില്‍ മാത്രം 80,000 റിയാല്‍(ഏകദേശം 16 ലക്ഷം രൂപ) ചെലവ് വരും. വെന്റിലേറ്റര്‍ വാടകയായും നല്ലൊരു തുക ഇതിനു പുറമേ കണ്ടെത്തണം.
ശയ്യാവലംബിയായ രോഗിയെ നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് വിളിയെത്തുമ്പോള്‍ തുടങ്ങുന്ന പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തുക മാസങ്ങള്‍ നീളുന്ന അശ്രാന്ത പരിശ്രമത്തിനൊടുവിലാണ്.
ആശുപത്രിയില്‍ എത്തി രോഗിയെ കാണുക എന്നതാണ് ആദ്യപടി. ഡോക്ടര്‍ മുതല്‍ ആശുപത്രി മാനേജര്‍ വരെയുള്ളവരുമായി രോഗിയുടെ അവസ്ഥയെപ്പറ്റിയും മറ്റു സങ്കീര്‍ണതകളെപ്പറ്റിയും വിശദവിവരങ്ങള്‍ ശേഖരിക്കലാണ് പിന്നീട്. രോഗിയെ ഇന്ത്യയില്‍ എത്തിച്ചാല്‍ നാട്ടിലെ ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ തുടര്‍ചികിത്സാ സൗകര്യം ഉറപ്പാക്കുകയാണ് അടുത്തപടി. ഈ മൂന്നു ഘട്ടങ്ങളും കഴിയുന്നതോടെ യാത്രാരേഖകള്‍ ശരിയാക്കല്‍ മുതല്‍ ഇതിനാവശ്യമായ പണം കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങളായി. ഇതാണ് ഏറ്റവും ദുഷ്ക്കരമായ കാര്യം. ചില രോഗികളുടെ പേരില്‍ പൊലീസ് കേസും അതുമൂലം യാത്രാവിലക്കും ഉണ്ടാവും. ചിലരുടെ പേരില്‍ സിവില്‍ കേസുകളാവും ഉണ്ടാവുക. ബന്ധപ്പെട്ടവരെയെല്ലാം കണ്ടും അനുബന്ധ ഓഫീസുകളിലെത്തി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും കേസുകള്‍ തീര്‍ത്തെടുക്കണം. അതിനുശേഷമേ രോഗിയെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനു പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിക്കൂ. വിമാനത്താവളങ്ങളില്‍ ഉണ്ടാകാവുന്ന കാലതാമസമാണ് മറ്റൊരു കടമ്പ.
കുടുംബത്തിന്റെ ഏക അത്താണിയാണ് രോഗിയെങ്കില്‍, ആ വ്യക്തിയെ നാട്ടിലെത്തിച്ചാല്‍ മാത്രംപോരാ അവിടെ തുടര്‍ചികിത്സയ്ക്കുള്ള സംവിധാനവും ഉറപ്പാക്കണം. നാട്ടില്‍ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാകുമ്പോള്‍ മാനുഷിക പരിഗണനയില്‍ കുടുംബത്തിനും ചെറിയതോതിലെങ്കിലും ധനസഹായം ലഭ്യമാക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറം (ഐസിബിഎഫ്), ഖത്തര്‍ ചാരിറ്റി, തൊഴിലാളി പണിയെടുത്തിരുന്ന കമ്പനി, ഖത്തറിലെ സുമനസ്സുകള്‍ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇതിനാവശ്യമായ വന്‍തുക സമാഹരിക്കുക.
ഇന്ത്യയിലേക്കു മാത്രമല്ല ശയ്യാവലംബികളായ നേപ്പാളി, ബംഗ്ലാദേശി തൊഴിലാളികളെയും അവരവരുടെ ജന്മനാടുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഗോവിന്ദ് മുന്‍കൈയെടുത്ത് പുനര്‍ജനി നാട്ടിലെത്തിച്ച മുഴുവന്‍ രോഗികളുടേയും വിശദവിവരങ്ങള്‍ ദോഹയിലെ ഇന്ത്യന്‍ എംബസി കാര്യാലയത്തില്‍ ലഭ്യമാണ്.
നിയമക്കുരുക്കില്‍ നിന്ന് തടവുകാരുടെ മോചനം
കര്‍ക്കശ നിയമങ്ങളുള്ള ഗള്‍ഫ് നാടുകളില്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയിലിലായ നാല്പതിലേറെ തടവുകാരെ നിയമക്കുരുക്കുകള്‍ ഓരോന്നോരോന്നായി അഴിച്ചെടുത്ത് ഉറ്റവര്‍ക്ക് അരികിലെത്തിക്കാനും ഇദ്ദേഹത്തിനായി. സഹപ്രവര്‍ത്തകരുടെയും റിക്രൂട്ടിങ് ഏജന്‍സികളുടേയും ചതിയില്‍പ്പെട്ട് നിരപരാധികളായ ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയെന്നത് ഏറെ ദുഷ്കരമാണെങ്കിലും നിരന്തര പരിശ്രമത്തിലൂടെയാണ് ഇവരെയെല്ലാം ജയില്‍മോചിതരാക്കി നാട്ടിലെത്തിക്കുന്നത്. ചെക്കുകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് ഗള്‍ഫ് ജയിലുകളില്‍ കൂടുതല്‍. കമ്പനി പ്രതിനിധി എന്ന നിലയില്‍ ചെക്കില്‍ ഒപ്പിട്ടവരാണ് കുടുങ്ങുന്നവരിലേറെയും. ഇവര്‍ ജയിലിലാവുന്നതോടെ കുടുംബവും ദുരിതക്കയത്തിലാവും. ഇങ്ങനെയുള്ളവരെ തിരിച്ചെത്തിക്കുക മാത്രമല്ല, നാട്ടില്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നുമുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്ക് ശമ്പളകുടിശിക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലുടമയില്‍ നിന്നു വാങ്ങിനല്‍കുന്നുമുണ്ട്.
വീട്ടുജോലിക്കായി ഖത്തറിലെത്തി ചതിയില്‍പ്പെട്ട പത്തിലേറെ സഹോദരികളേയും ഗോവിന്ദിന്റെ നേതൃത്വത്തില്‍ പുനര്‍ജനി സുരക്ഷിതരായി നാട്ടിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത മാന്‍പവര്‍ ഏജന്‍സികളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരും ചേര്‍ന്നാണ് വനിതകളെ വലവീശിപ്പിടിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ് ഈ സഹോദരികള്‍ ഗള്‍ഫില്‍ നേരിടുന്നത്.
മഹാമാരിക്കിടയില്‍ പ്രത്യാശ പകര്‍ന്ന്
കൊവിഡിന്റെ ദുരന്തനാളുകളില്‍ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിനു(ഐസിസി) കീഴില്‍ ആരംഭിച്ച ബോധവല്‍ക്കരണ-സഹായ വിഭാഗത്തിലെ അംഗമെന്ന നിലയിലും ഗോവിന്ദിന്റെ സേവനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തി കുടുങ്ങിപ്പോയവരേയും പണിപോയ തൊഴിലാളികളേയും വന്ദേഭാരത് മിഷനില്‍ നാട്ടിലെത്തിക്കാന്‍ മുന്‍ഗണനാപട്ടിക തയ്യാറാക്കല്‍, കടുത്ത വിഷാദത്തില്പെട്ടുപോയവര്ക്ക് കൗണ്‍സിലിങ് ഉറപ്പാക്കല്‍, മരുന്നുകളും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കല്‍ തുടങ്ങി ദല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ വേളയില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് എത്തിക്കുന്നതില്‍ വരെ വിവിധ കാര്യങ്ങളില്‍ ഇന്ത്യന്‍ എംബസിക്കും ഐസിസിക്കും ഒപ്പം പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഗോവിന്ദും ഒപ്പമുണ്ടായിരുന്നു. ഈ സേവനങ്ങള്‍ പരിഗണിച്ച് രണ്ടു വര്‍ഷം മുമ്പ് ഐസിബിഎഫിന്റെ മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള അവാര്‍ഡും ഹമദ് ആശുപത്രിയുടെ ആദരവും ലഭിച്ചിരുന്നു.
ഗോവിന്ദിന്റെ സേവാപ്രവര്‍ത്തനങ്ങള്‍ ഖത്തറില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ഭാരതത്തിനുള്ളിലും പുറത്തുമായി സേവാ ഇന്റര്‍നാഷണല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. ഗുരുവായൂരില്‍ നടതള്ളപ്പെടുന്ന അമ്മമാര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ 2010ല്‍ ഭൂമി വാങ്ങിയതിലും, 2014ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലും, 2015ല്‍ പ്രളയത്തില്‍പ്പെട്ട ചെന്നൈ നഗരവാസികള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ദുര്ബലവഭാഗങ്ങള്ക്കും സഹായമെത്തിക്കാനും, ശബരിമല പട്ടികവര്‍ഗ കോളനിയില്‍ കുടിവെള്ളം ഉറപ്പാക്കാനും ഒരേ ശുഷ്ക്കാന്തിയോടെ ഗോവിന്ദ് പങ്കാളിയായി.
ദരിദ്രവിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ മിറാക്കിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയും ഗോവിന്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018ലെ വെള്ളപ്പൊക്കത്തില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മിറാക്കിള്‍ അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് സ്വയംതൊഴിലിനായി മിറാക്കിള്‍ തയ്യല്‍ കേന്ദ്രം ആരംഭിക്കുകയും, മൂന്നു പുരുഷന്മാര്ക്ക് ഓട്ടോറിക്ഷ നല്‍കുകയും ചെയ്തു. ഇതിനുപുറമേ ഖത്തറിലും ഇന്ത്യയിലും കാന്‍സര്‍, കരള്‍, വൃക്ക രോഗികള്‍ക്ക് ധനസഹായവും ലഭ്യമാക്കുന്നുണ്ട്. ഭാര്യ ശ്രീലതയും ഏകമകന് ഗോകുലും ഖത്തറില്‍ ഗോവിന്ദിന് ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: