കൊച്ചി: നാടകഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകന് തോപ്പിൽ ആന്റോ (81) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം.
കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലും പരിസരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പില്‍ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്. എക്കാലവും മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകള്‍.
സ്റ്റേജിന്റെ ഗായകനായാണ് തോപ്പില്‍ ആന്റോ അറിയപ്പെടുന്നത്. കാരണം കേരളത്തിലെ ഗാനമേളരംഗത്ത് പ്രമുഖ ട്രൂപ്പുകളില്‍ പലതിലും പാടിയിട്ടുണ്ട്. കൊച്ചില്‍ കലാഭവന്‍, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിന് സാക്സ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങി അനേകം സംഘടനകളുടെ സ്റ്റേജുകളില്‍ പാടി.
സി.ജെ. തോമസിന്റെ വിഷവൃക്ഷം എന്ന നാടകത്തിന് അഭയദേവിന്റെ ഗാനത്തിന് എല്‍പിആര്‍ വര്‍മ്മയുടെ ഈണമാണ് ആദ്യം പാടിയ ഗാനം. ആദ്യമായി സിനിമയില്‍ പാടിയത് ഫാദര്‍ ഡാമിയന്‍ എന്ന ചിത്രത്തിലായിരുന്നു.
1956-57 കാലഘട്ടത്തിൽ ആന്റോ നാടക-പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നു. ആദ്യകാലങ്ങളിൽ അമേച്വർ നാടകങ്ങളിൽ പിന്നണി ഗായകനായി തുടങ്ങിയ ആന്റോ, പിന്നീട് പ്രൊഫഷണൽ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. എൻ.എൻ. പിള്ളയുടെ നാഷണൽ തീയേറ്റേഴ്സ്, പിന്നീട് കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ്, കൊച്ചിൻ സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു. പ്രതിഭാശാലികളായ സി.ജെ. തോമസ്, എന്‍എന്‍ പിള്ള, പിജെ ആന്റണി, വൈക്കം ചന്ദ്രശേഖരന്‍നായര്‍ തുടങ്ങി പ്രഗല്ഭരുടെ ഒരു നിരതന്നെ അദ്ദേഹത്തെ പിന്തുണച്ചു.
ഫാദർ ഡാമിയൻ, റാഗിംഗ്, അനുഭവങ്ങളേ നന്ദി, വീണ പൂവ്, ലജ്ജാവതി, സ്നേഹം ഒരു പ്രവാഹം, ഹണീബി ടൂ എന്നിവയാണ് ആന്റോ പിന്നണി പാടിയ സിനിമകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: