ന്യൂദല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നു. ഈ മാസം അവസാനം വിജ്ഞാപനം പുറത്തിറക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിത്തരണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കി.മി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടാവും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.
പശ്ചിമഘട്ട വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ചര്‍ച്ചകള്‍ തുടരുകയാണ്. കസ്തൂരിരംഗന്‍ അന്തിമവിജ്ഞാപനത്തിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര തൊഴില്‍-പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദ്രയാദവ് ഇന്നലെ കേരളാ എംപിമാരുടെ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചകള്‍ വേണമെന്ന് നിര്‍ദേശിച്ചത്. ഇക്കാര്യം കേന്ദ്രവനം പരിസ്ഥിതി മന്ത്രി അംഗീകരിച്ചു. ഡിസംബര്‍ 31 ന് അന്തിമവിജ്ഞാപനത്തിലേക്ക് കടക്കും മുമ്പ് ജനപ്രതിനിധികളുമായും വിവിധ സംഘടനാ നേതാക്കളുമായും പരിസ്ഥിതി മന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്. ഇതില്‍ 9,107 ചതുരശ്ര കി.മി പ്രദേശം സമ്പൂര്‍ണ്ണ വന മേഖലയും ബാക്കിയുള്ള പ്രദേശം വനത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. എന്നാല്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം 13,108 ചതുരശ്ര കി.മി പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിച്ചത്. ഇതില്‍ നിന്ന് 3,115 ചതുരശ്ര കി.മി പ്രദേശം ഒഴിവാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. അന്തിമ വിജ്ഞാപനത്തിലും ഇതു തന്നെയാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: