ജിജേഷ് ചുഴലി
കോഴിക്കോട്: മഹാരാഷ്‌ട്രയോട് സമനില വഴങ്ങിയ സിക്കിം ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. ഈ സമനിലയോടെ ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായി മഹാരാഷ്‌ട്ര ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി. മൂന്ന് കളികളില്‍ നിന്ന് രണ്ട് ടീമുകള്‍ക്കും 7 പോയിന്റ് വീതം ലഭിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ മഹാരാഷ്‌ട്ര അവസാന എട്ടിലേക്ക് കുതിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 62-ാം മിനിറ്റില്‍ മഹാരാഷ്‌ട്ര തൃപ്തിദീപിലൂടെ ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം സുജു ഹനാഗ്മയിലൂടെ സിക്കിം സമനില ഗോള്‍ കണ്ടെത്തി. മറ്റൊരു മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജപ്പെടുത്തി ജമ്മുകശ്മീര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാട് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പഞ്ചാബിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറില്‍ എത്തി. മറ്റൊരു കളിയില്‍ പശ്ചിമബംഗാള്‍ എതിരില്ലാത്ത 20 ഗോളുകള്‍ക്ക് തെലങ്കാനയെ പരാജയപ്പെടുത്തി. ബംഗാളിനായി രഞ്ജിതാ ദേവി ഒന്‍പത് ഗോളുകള്‍ നേടി.
കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അസാം ക്വാര്‍ട്ടറില്‍ എത്തി. മറ്റൊരു കളിയില്‍ രണ്ട് വീതം ഗോള്‍ നേടി രാജസ്ഥാനും ബിഹാറും സമനിലയില്‍ പിരിഞ്ഞു. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ പരാജയപ്പെടുത്തി ഗോവ ക്വാര്‍ട്ടറില്‍ എത്തി. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഝാര്‍ഖണ്ഡ് ദല്‍ഹിയെ പരാജപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: