മലപ്പുറം: പെരിന്തല്‍മണ്ണയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെ 12 മണിയോടെയാണ് പെരിന്തല്‍മണ്ണ പുത്തൂര്‍ ജഹന്നറ റോഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. പെട്രോള്‍ ബോംബുകള്‍ വീണ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
കട്ടിളയും കാവിക്കൊടിയും കത്തിനശിച്ചു. സംഭവ സമയത്ത് ആര്‍എസ്എസ് പ്രചാരക് വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നു. താഴെയാണ് പ്രചാരക് കിടന്നുറങ്ങുന്നതെന്ന് കരുതി അദ്ദേഹത്തെ വധിക്കാനുള്ള ശ്രമമാണ് അക്രമികള്‍ നടത്തിയതെന്ന് ആര്‍എസ്എസ് ആരോപിച്ചു.
ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ സുനില്‍ പുളിക്കല്‍, എസ്ഐ നൗഷാദ് എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും പോലീസ് സംഘം പറഞ്ഞു.
പ്രതികളെ ഉടന്‍ പിടികൂടണമെന്നും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണയില്‍ വിവിധ ക്ഷേത്ര സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി. മുരളീധരന്, ആര്‍എസ്എസ് വിഭാഗ് സഹകാര്യ വാഹക് കെ. കൃഷ്ണകുമാര്‍, പെരിന്തല്‍മണ്ണ ജില്ലാ കാര്യവാഹ് കെ. ഭാസ്കരന്, സി.പി. മനോജ്, കെ. മുരളീധരന്, സജീവന് ചെമ്മാണിയോട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: