ചെന്നൈ: പാവപ്പെട്ട ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാന്‍ ശബരിമല തീര്‍ത്ഥാടനത്തിന് 6000 രൂപ വീതം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ ഇന്ദു മക്കള്‍ കച്ചി (ഐഎംകെ).
ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ജെറുസലെമില്‍ പോകാനും മുസ്ലിം തീര്‍ത്ഥാടകര്‍ക്ക് ഹജ് തീര്‍ത്ഥാടനത്തിനും സബ്‌സിഡി നല്‍കുന്നതുപോലെ പാവപ്പെട്ട ഹിന്ദുക്കളായ ശബരിമല തീര്‍ത്ഥാടകര്‍ക്കും സബ്‌സിഡി നല്‍കണണമെന്ന് ഐഎംകെ അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ആവശ്യപ്പെട്ടു.
അയ്യപ്പഭക്തര്‍ക്ക് സൗജന്യ യാത്ര, സൗജന്യ താമസം, സൗജന്യ ഭക്ഷണം എന്നിവ ശബരിമലയില്‍ ഏര്‍പ്പെടുത്തണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ടോള്‍ ചാര്‍ജ് ഒഴിവാക്കണമെന്ന് അര്‍ജുന്‍ സമ്പത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടോള്‍ ചാര്‍ജ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കും തമിഴ്‌നാട് ഹൈവേ ഡിപാര്‍ട്‌മെന്‍റിനും അപേക്ഷകള്‍ അയയ്‌ക്കാനും പാര്‍ട്ടി പദ്ധതിയിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഓരോ ജില്ലയില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 5000 അയ്യപ്പ ഭക്തരെ തെരഞ്ഞെടുക്കാനും പദ്ധതിയുണ്ട്. ഇവര്‍ക്ക് ശബരിമല തീര്‍ത്ഥാടനത്തിന് 6000 രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കണം. ക്ഷേത്രങ്ങളില്‍ നിന്നുള്ള ഫണ്ട് കോളേജുകള്‍ തുടങ്ങാനും ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനും ഉപയോഗിക്കുന്നുണ്ട്. അതില്‍ നിന്നും ഒരു പങ്ക് ഹിന്ദു തീര്‍ത്ഥാടത്തിന് ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അര്‍ജുന്‍ സമ്പത്ത് അഭിപ്രായപ്പെട്ടു.
ഹജിനും ജെറുസലെം തീര്‍ത്ഥാടനത്തിനും തമിഴ്‌നാട് സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കിവരുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2012ല്‍ 40,000 രൂപയാണ് ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് മാനസരോവരിലും മുക്തിനാഥിലും പോകാന്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. പക്ഷെ ഇതിന് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തത് എച്ച്ആര്‍സിഇ ആണ്. ഇത് എച്ച്ആര്‍സിഇ വകുപ്പാണ് ഈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് വെറും 500 ഹിന്ദുക്കള്‍ക്ക് മാത്രമാണ് സബ്‌സിഡി നല്‍കിയത്.
2008ല്‍ 4000 മുസ്ലിങ്ങള്‍ക്ക് ഹജ് തീര്‍ത്ഥാടനത്തിന് സബ്‌സിഡി നല്‍കി. സര്‍ക്കാര്‍ സബ്‌സിഡിയില്‍ ജെറുസലെം യാത്രയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകരുടെ എണ്ണം 500ല്‍ നിന്നും 10,000 ആക്കുമെന്ന് പുറത്തുപോയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാഗ്ദാനം ചെയ്തിരുന്നു. ഇതിനുള്ള സബ്‌സിഡി 20000 രൂപയില്‍ നിന്നും 37000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. സമൂഹത്തില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ അവരുടെ ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് നല്‍കിയിട്ടും ക്രിസ്ത്യാനികളേക്കാള്‍, മുസ്ലിങ്ങളേക്കാള്‍ കുറഞ്ഞ സബ്‌സിഡി മാത്രമാണ് നല്‍കുന്നത്. ഈ രണ്ടുകൂട്ടരും അവരുടെ ആരാധനങ്ങളുടെ നിയന്ത്രണം അവര്‍ തന്നെ കയ്യടക്കി വെയ്‌ക്കുന്നവരാണ്. എന്നിട്ടും അവര്‍ക്ക് മതേതര സംസ്ഥാനം എന്ന പേരില്‍ തീര്‍ത്ഥാടനത്തിനും മറ്റും സബ്‌സിഡി വാരിക്കോരി നല്‍കുന്നു.
അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന ഐഎംകെയുടെ ആവശ്യത്തിന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവരികയാണ്. ശബരിമല തീര്‍ത്ഥാടനം ഹിന്ദുക്കളെ ജാതിക്കും വര്‍ഗ്ഗത്തിനും അതീതമായി യോജിപ്പിക്കുന്ന ഒന്നാണ്. ഇത് ഇന്ത്യയെയും ഹിന്ദുക്കളെയും വിഭജിക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍ക്ക് തടസ്സം നില്‍കുന്ന ഒന്നു കൂടിയാണ് ശബരിമല തീര്‍ത്ഥാടനം. യുവതികളെ പ്രവേശിപ്പിച്ച് ഈ അയ്യപ്പകോട്ട തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും അര്‍ജുന്‍ സമ്പത്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: