വി. ഹരികൃഷ്ണന്‍
നെഗറ്റീവ് റിവ്യൂ കണ്ടു മനസ്സ് നിറഞ്ഞിട്ടും മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ടത് എല്ലാ ധൈര്യവും സംഭരിച്ചായിരുന്നു. എന്തും നേരിടാനുള്ള ധൈര്യം. ദുബായ് മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഷോയ്‌ക്കു കയറുമ്പോള്‍ തീയേറ്റര്‍ നിറഞ്ഞ് ആള്‍കൂട്ടം. രണ്ടാം ദിവസവും പടം ഹൗസ് ഫുള്‍!
ബെട്ടിയിട്ട ബാഴ പോലെ ഒരു സിനിമയല്ല മരക്കാറെന്നു തുടക്കത്തില്‍ തന്നെ മനസിലായി. കുഞ്ഞാലിയുടെ ചെറുപ്പകാലവും വിവാഹവുമൊക്കെയായി പ്രണവ് മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം. ഒരു പക്ഷെ പ്രണവ് ഇത്രയേറെ നന്നായി അഭിനയിക്കുമെന്ന് പോലും പ്രേക്ഷകര്‍ മനസിലാക്കുക ഈ സിനിമയിലൂടെയാവും. അവിടെ നിന്ന് കുഞ്ഞാലി മരയ്‌ക്കാര്‍ ആയിട്ടുള്ള മോഹന്‍ലാലിന്റെ ട്രാന്‍സിഷന്‍ വളരെ നന്നായി പ്രിയദര്‍ശന്‍ ഫ്രെയിം ചെയ്തിരിക്കുന്നു. ആവേശവും വേഗത നിറഞ്ഞതുമായ ഒന്നാം പകുതി, ഇമോഷനും സ്ലോ ഫേസുമായി രണ്ടാം പകുതി. ചരിത്രത്തെ കൂട്ട് പിടിച്ചു ക്ലൈമാക്‌സ് രംഗം. അങ്ങനെ ഫിക്ഷനും ചരിത്രവും സമ്മിശ്രമാക്കി ഒരു സിനിമാറ്റിക് വേര്‍ഷന്‍ ആണ് പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രണവ് കല്യാണി സീക്വ9സുകള്‍ വളരെ നന്നായിട്ടുണ്ട്. ഇവര്‍ ഒരുമിച്ചുള്ള ഫ്രെയിമുകളില്‍ നല്ല കെമിസ്ട്രി ഫീല്‍ ചെയ്യും. ക്യാരക്ടര്‍ വേഷങ്ങള്‍ ഏറ്റവും നന്നായി ചെയ്തിരിക്കുന്നത് ഹരീഷ് പേരാടിയും അര്‍ജുന്‍ സര്‍ജയും കീര്‍ത്തി സുരേഷും ചിന്നാലി എന്ന കഥാപാത്രമായി എത്തിയ ജയ് എന്ന തായ് നടനുമാണ്.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ടെക്‌നിക്കല്‍ ബ്രില്ലിയന്‍സ് എറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഉപയോഗിച്ച സിനിമ ആണ് മരക്കാര്‍ എന്ന് നിസ്സംശയം പറയാം. ആ അര്‍ത്ഥത്തില്‍ ഇത് വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ സിനിമയാണ്. സിജിയും വി എഫ് എക്‌സും ചിത്രത്തോട് മനോഹരമായി ചേര്‍ന്നിരിക്കുന്നു.
ചിത്രത്തിന്റെ വിമര്‍ശനമായി ഒരുപാട് പേര്‍ പറഞ്ഞു കേട്ടത് മോഹന്‍ലാലിന്റെ കോഴിക്കോടന്‍ സ്ലാങ് ശരിയല്ലായെന്നാണ്. കൊച്ചിയില്‍ നിന്ന് അഭയം തേടി കോഴിക്കോട് എത്തുന്ന യുവാവായാണ് കുഞ്ഞാലിയെ അവതരിപ്പിച്ചിരിക്കുന്നത്. ആ കുഞ്ഞാലി തനി കോഴിക്കോടന്‍ ഭാഷ തന്നെ സംസാരിക്കണമെന്നൊക്കെ പറയുന്നത് ഇത്തിരി അതിക്രമം തന്നെ.
കുഞ്ഞാലി മരക്കാര്‍ എന്ന വ്യക്തിയുടെ ശാരീരിക ഘടനയെയോ വസ്ത്രധാരണത്തെ കുറിച്ചോ വ്യക്തമായ അറിവില്ലാത്തതിനാല്‍ തികച്ചും ഭാവനപരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു പടം തുടങ്ങുന്നതിനു മുന്‍പ് തന്നെ സംവിധായകന്‍ മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ബാക് ഗ്രൗണ്ട് സ്‌കോര്‍ ആണ്. പിന്നെ ആന്റണി പെരുമ്പാവൂര്‍ എത്തുന്ന ഒരു സീനും, അത് ഒരു പക്ഷെ നിര്മാതാവിനോടുള്ള ഒരു സോഫ്റ്റ് കോര്‍ണര്‍ എന്ന് പറയാമെങ്കിലും.
ഒരുവശത്ത് തെറിവിളികളും മറുവശത്ത് പൂമാലകളുമായി മരക്കാരെ വരവേല്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് ചിത്രത്തിലെ ഡയലോഗ് തന്നെ, ‘പറയുന്നതും കേള്‍ക്കുന്നതുമൊന്നുമല്ല കുഞ്ഞാലി”. തികച്ചും തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന സിനിമ തന്നെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: