കൊച്ചി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര്. പ്രശാന്തിന് സര്‍ക്കാര്‍ നല്കിയ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. എന്‍ജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ അസി. എന്‍ജിനിയര്‍ തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.എന്നാല്‍, ജനപ്രതിനിധകളുടെ മക്കള്‍ ഇത്തരത്തില്‍ ആശ്രിത നിയമനം നല്കാന് യോഗ്യതയില്ലെന്നു കോടതി വ്യക്തമാക്കിയാണ് നിയമനം റദ്ദാക്കിയത്.
എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്കാന് വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നല്‍കിയതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. . 2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നല്‍കിയതെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പ്രശാന്തിന് ജോലി നല്‍കിയത് തനിക്ക് ഏതെങ്കിലും തരത്തില്‍ ദോഷകരമായെന്ന് ഹര്ജിക്കാരന് പരാതിയില്ല. ഈ വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: