തിരുവല്ല : സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസിനോ സംഘ പരിവാര്‍ സംഘടനകള്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്ന് ജില്ലാ കാര്യവാഹ് ജി. രജീഷ്. സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊലപാതകത്തെ ജില്ലാ കാര്യസമിതി ശക്തമായി അപലപിക്കുന്നു. ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി കൊലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം. മാധ്യമങ്ങള്‍ ശരിയായി അന്വേഷിച്ച് ഉത്തരവാദിത്തത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നും രജീഷ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.എ. സൂരജും കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം സന്ദീപിന്റേത് രാഷ്ട്രീയക്കൊലപാതകമല്ല, വ്യക്തിവൈരാഗ്യം മൂലമാണെന്ന് പോലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ജയിലില്‍ വെച്ചാണ് ജിഷ്ണു മുഹമ്മദ് ഫൈസലിനെ പരിചയപ്പെടുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് വരുത്തി തീര്ക്കാര് സിപിഎം നീക്കം നടത്തിയെങ്കിലും പ്രതികള്‍ അറസ്റ്റിലായതോടെ വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പുറത്തുവരികയായിരുന്നു.
വ്യാഴാഴ്ച രാത്രി 8നാണ് സന്ദീപിനെ ബൈക്കിലെത്തിയ സംഘം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: