അത്യാധുനിക സൗകര്യങ്ങളുടെ ഗാംഭീര്യമുണ്ട് പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിക്ക്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുമായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നല്കാന് ഇവിടെ മരുന്നില്ല. ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളൊന്നും ഈ ഡിസ്പന്‍സറിയില്‍ ഉള്ളതല്ല. മരുന്നുകളെല്ലാം പുറത്തേക്ക് കുറിച്ചുകൊടുക്കുകയാണെന്നാണ് തീര്‍ത്ഥാടകരുടെ പരാതി. പുറമെ നിന്നു വാങ്ങുമ്പോള്‍ വലിയ വിലനല്കണം. സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ഉടമകളും ഡോക്ടര്‍മാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മരുന്നുകള്‍ കുറിക്കുന്നതെന്നും തീര്‍ത്ഥാടകര്‍ ആരോപിക്കുന്നു.
തികച്ചും സൗജന്യമായാണ് പമ്പയിലും സന്നിധാനത്തുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്നുകള്‍ നല്‍കിയിരുന്നത്. ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരവധി പേരാണ് പ്രതിദിനം ചികിത്സയ്ക്ക് എത്തുന്നത്. മലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് എത്രയും വേഗം അടിയന്തര ചികിത്സ നല്കി ജീവന് നിലനിര്‍ത്താനും തുടര്‍ ചികിത്സയ്ക്ക് അവരെ പത്തനംതിട്ടയിലോ കോട്ടയത്തോ എത്തിക്കാനുമുള്ള സംവിധാനങ്ങളോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ ഇതിനു വിരുദ്ധമായാണ് ചില ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.
അതേസമയം സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്തരുടെ ഏത് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. ചികിത്സതേടി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മരുന്നുകളെല്ലാം ലഭ്യമാക്കുന്ന തരത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: