കൊല്ലം: 43 വര്‍ഷമായി കൈവശത്തിലിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്ക് ഉത്തരവ് നല്‍കി. ശൂരനാട് തെക്ക് സ്വദേശിനിയുടെ ഭര്‍ത്താവിന്റെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാനാണ് ഉത്തരവ്. ഭൂമിക്ക് പട്ടയം നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും അയല്‍വാസിയുടെ കള്ളപരാതിയെ തുടര്‍ന്ന് പട്ടയവിതരണം തടഞ്ഞുവെന്നാണ് പരാതി.
കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ശൂരനാട് തെക്ക് വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലം വര്‍ഷങ്ങളായി പരാതിക്കാരിയുടെയും കുടുംബത്തിന്റെയും കൈവശത്തിലും അവകാശത്തിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടയം നല്‍കാന്‍ ഉത്തരവ് പാസാക്കിയെങ്കിലും പട്ടയം നല്‍കുന്നതിന് മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടയ വിതരണം കളക്ടര്‍ തടഞ്ഞു. തുടര്‍ന്നാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: