കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തില്‍ കേരളത്തിന് വമ്പന്‍ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നിജോ ഗില്‍ബെര്‍ട്ട് (നാലാം മിനിറ്റ് ), ജെസിന് ടി.കെ (10), എസ്. രാജേഷ് (82), അര്ജുന് ജയരാജ് (90+2) എന്നിവരാണ് ഗോളടിച്ചത്. ലക്ഷദ്വീപിന്റെ ദാനഗോളായിരുന്നു ഒരെണ്ണം. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം ആധിപത്യം പുലര്‍ത്തി. എന്നാല്‍ കിട്ടിയ അവസരങ്ങളെല്ലാം കേരളത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒന്നിലെറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ലക്ഷദ്വീപ് ഗോളി മുഹമ്മദ് ഷമീര്‍ ഷെയ്ഖിന്റെ തകര്‍പ്പന്‍ സേവുകളും കേരളത്തിന് സ്കോര്‍ ഉയര്‍ത്തുന്നതില്‍ തടസമായി. പ്രതിരോധ താരം ചുവപ്പുകാര്‍ഡ് കണ്ടതിനാല്‍ പത്തു പേരുമായാണ് 69 മിനിറ്റും ലക്ഷദ്വീപ് കളിച്ചത്.
നാലാം മിനിറ്റില്‍ തന്നെ കേരളം മുന്നിലെത്തി. ഷഫ്നാദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ജിനോ ഗില്‍ബേര്‍ട്ട് കൃത്യം വലയിലെത്തിച്ചു. 12-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയായി. അര്ജുന് ജയരാജിന്റെ ത്രൂപാസ് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ ജെസിനെ തടയാന്‍ ലക്ഷദ്വീപ് ഗോളി അഡ്വാന്‍സ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ പ്രതിരോധ താരം ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ദ്വീപിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്തുമായി കുതിച്ച ഷഫ്നാദിനെ ബോക്സിന് തൊട്ടുപിറകില്‍ നിന്ന് വീഴ്ത്തിയതിനായിരുന്നു ചുവപ്പുകാര്‍ഡ്.
കേരളം ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നതിനിടെ 37-ാം മിനിറ്റില്‍ ദാനഗോളെത്തി. ജെസിന്റെ മുന്നേറ്റം തടുക്കാന്‍ ഗോളി മുന്നില്‍ കയറി. പന്ത് തട്ടിയകറ്റിയെങ്കിലും തൊട്ടരികില്‍ നിന്ന അവരുടെ തന്നെ ഡിഫന്‍ഡറായ തന്വീറില് തട്ടി. വലയിലേക്ക് നീങ്ങിയ പന്തിന് പി
ന്നാലെ തന്‍വീര്‍ പാഞ്ഞെങ്കിലും വേഗം മതിയായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കേരളം അഞ്ചുമാറ്റങ്ങള്‍ വരുത്തി. 74-ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ എസ്. രാജേഷ് ഏഴ് മിനിറ്റിന് ശേഷം കേരളത്തിന്റെ നാലാം ഗോള്‍ കണ്ടെത്തി. ബോക്സിന് തൊട്ട് പുറത്ത് നിന്ന് ഷിജില്‍ നല്കിയ പന്തിലേക്ക് ഓടിയെത്തിയ രാജേഷ്, ഗോളിയെയും മറികടന്ന് ലക്ഷ്യം കണ്ടു. പരിക്ക് സമയത്ത് അഖിലിന്റെ പാസില്‍ നിന്ന് വലകുലുക്കി അര്ജുന് ജയരാജ് കേരളത്തിന്റെ പട്ടിക തികച്ചു.
പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ജിജോ ജോസഫിന് പകരം ഗോള്‍കീപ്പര്‍ വി. മിഥുനാണ് കേരളത്തെ നയിച്ചത്. 4-4-2 ഫോര്‍മേഷനില്‍ ടി.കെ ജെസിനും മുഹമ്മദ് ഷഫ്നാദും മുന്നേറ്റം നയിച്ചു. മധ്യനിരയില്‍ അഖില്‍. പി, മുഹമ്മദ് റാഷിദ്, അര്ജുന് ജയരാജ്, നിജോ ഗില്‍ബേര്‍ട്ട് എന്നിവര്‍. മുഹമ്മദ് സഹീഫ്, മുഹമ്മദ് ആസിഫ്, സഞ്ജു.ജി, മുഹമ്മദ് ബാസിത്ത് എന്നിവര്‍ പ്രതിരോധം കാത്തു. രണ്ടാം മത്സരത്തില്‍ കേരളം നാളെ രാവിലെ 9.30ന് ആന്‍ഡമാന്‍ നിക്കോബറിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: