കോഴിക്കോട്: കടല്‍കടന്ന് ചരിത്രമാകാന്‍ വീണ്ടും ബേപ്പൂരിന്റെ ഉരുനിര്മാണപ്പെരുമ. 2022 നവംബര്‍ 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടക്കുന്ന ‘ഖത്തര്‍ ട്രഡീഷണല്‍ ഡോവ് ഫെസ്റ്റിവലി’ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിലെ ഉരു പ്രദര്‍ശിപ്പിക്കുന്നത്. ചാലിയത്ത് നിര്‍മിക്കുന്ന ഉരുവിന് 27 അടി നീളവും ഏഴടി വീതിയും ആറടി ഉയരവുമാണുള്ളത്.
എണ്ണൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ചിരുന്ന ഭഗല ഉരുവിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. നിലമ്പൂരില്‍ നിന്നെത്തിച്ച നാടന്‍ തേക്കില്ത്തീര്ത്ത ഉരുവിന്റെ ഭാഗങ്ങള്‍ കൂട്ടിയിണക്കുന്നത് ചകിരിയും കയറും ഉപയോഗിച്ചാണ്. ഇരുമ്പ് ഇല്ലാതെ, കൈപ്പണിയിലൂടെയാണ് ഉരുവിന്റെ നിര്‍മ്മാണം.
ഉരു നിര്‍മ്മാണത്തില്‍ വലിയ പാരമ്പര്യമുള്ള ബേപ്പൂര്‍ എലത്തുംപടിക്കല് ഗോകുലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. അടുത്ത മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന്് നിര്‍മ്മാണക്കമ്പനിയായ പി.ഐ. അഹമ്മദ് കോയ ആന്‍ഡ് കമ്പനി എംഡി: പി.ഒ. ഹാഷിം പറഞ്ഞു. നൂറ്റാണ്ടുകള്‍ മുമ്പുതന്നെ മലബാറിന്റെ പെരുമ വിദേശരാജ്യങ്ങളിലെത്തിക്കാന്‍ ബേപ്പൂരിന്റെ പൈതൃക ഉരു നിര്‍മ്മാണത്തിന് കഴിഞ്ഞിട്ടുണ്ട്. പഴയ പ്രതാപം ഇന്നില്ലെങ്കിലും ഇന്ത്യയില്‍ പരമ്പരാഗത ഉരുനിര്‍മ്മാണം ഇന്ന് നടക്കുന്നത് ബേപ്പൂര്‍ ചാലിയത്തും ഗുജറാത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: