അമ്പലപ്പുഴ: തോട്ടപ്പള്ളി കരിമണല്‍ സമരസമിതി നേതാക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അമ്പലപ്പുഴ പോലീസിന് പോലീസ് കംപ്ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ്. എസ്ഐ ടോള്‍സണ്‍ ജോസഫ്, സിപിഒമാരായ റോബിന്, സുനില്‍, അനൂപ്, ശരവണന് എന്നിര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിക്കാരനായ സമരസമിതി ചെയര്മാന് സുരേഷിനും ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് മെമ്പര്‍മാരായ ജില്ലാ കളക്ടര്‍, പോലീസ് ചീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് മൊഴിയെടുക്കുന്നത്.
സമരസമിതിയുടെ പ്രതിഷേധത്തിനിടയില്‍ നേതാക്കന്മാരെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 11.5 ടണ്‍ ഭാരം മാത്രം കയറ്റി പോകാവുന്ന റോഡിലൂടെ 45 ടണ്‍ ഭാരം കരിമണല്‍ കയറ്റി ടോറസുകള്‍ പോകുന്നത് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് നിയമം ലംഘിച്ച് ഭാരം കയറ്റിയ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം സമര സമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: