മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് എട്ടുവയസ്സുകാരിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനം നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിലുള്ളതാണ്. കാക്കി ധരിച്ചതിന്റെ അഹന്തയും ധാര്‍ഷ്ട്യവുമാണ് പെണ്‍കുട്ടിക്കും അച്ഛനുമെതിരെ കാണിച്ചതെന്നും, ആ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് തലയിലൊന്നു തലോടിയെങ്കില്‍ പ്രശ്നം അവിടെ അവസാനിക്കുമായിരുന്നു എന്നും പറഞ്ഞ കോടതി, സംസ്ഥാനത്തെ പോലീസ് സംവിധാനം സാമൂഹ്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറിയിരിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്നു പറഞ്ഞുകൊണ്ട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ പോലീസിനെ നയിക്കുന്നവരുടെയും നിയന്ത്രിക്കുന്നവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇനി ഈ പെണ്‍കുട്ടി ജീവിതത്തില്‍ പോലീസുകാരെ സംരക്ഷകരായി കാണുമോ, ഒരു ഫോണിനുവേണ്ടി ഒരു കുഞ്ഞിനോട് ഇങ്ങനെ പെരുമാറാമോ, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കാള്‍ വിലയുണ്ടോ ഫോണിന് എന്നൊക്കെയാണ് കോടതി ധാര്‍മികരോഷത്തോടെ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത പോലീസിനു മാത്രമല്ല, രാഷ്ട്രീയ-ഭരണ നേതൃത്വത്തിനുമുണ്ട്. കാരണം ഖദര്‍ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍, ചുവപ്പോ നീലയോ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നുകൂടി കോടതി ചോദിച്ചിരിക്കുന്നു.
തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തുമ്പ വിഎസ്എസ്സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നത് കാണാന്‍ അച്ഛനൊപ്പമെത്തിയ എട്ടു വയസ്സുകാരിയെ തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥ അപമാനിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയെടുത്തു എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഫോണ്‍ പിന്നീട് പിങ്ക് പോലീസിന്റെ വാഹനത്തില്‍നിന്ന് കണ്ടുകിട്ടുകയും ചെയ്തു. തനിക്ക് സംഭവിച്ച മറവിക്ക് ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ. മോഷണക്കുറ്റം ആരോപിച്ച് ‘നിന്നെ കണ്ടാല്‍ത്തന്നെ അറിയാം’ എന്നാണത്രേ ഇവര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിലെ ധ്വനി വ്യക്തമാണല്ലോ. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗമാണ് പിങ്ക് പോലീസ്. വനിതാ പോലീസുകാരായ ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനവും നല്കിയിട്ടുണ്ടത്രേ. ഇതിലുള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥയാണ് അത്യന്തം മോശമായി ഒരു പെണ്‍കുട്ടിയോട് പെരുമാറിയതെന്നത് വളരെ ഗുരുതരമായ കൃത്യവിലോപമാണ്. വിദേശത്താണെങ്കില് ലക്ഷണക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശം ഇതാണ് കാണിക്കുന്നത്. മൂന്നുമാസം മുന്‍പ് നടന്ന ഈ സംഭവത്തില്‍ പോലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ നല്കേണ്ടതിനു പകരം നടപടി ഒരു സ്ഥലംമാറ്റത്തിലൊതുക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്. വിശദമായ റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്ന കോടതി ഉത്തരവാദികളെ വെറുതെ വിടാന്‍ പോകുന്നില്ല.
പൗരന്റെ സുരക്ഷ ഉറപ്പുവരുത്താനും നീതി നേടിക്കൊടുക്കാനും നിയമപരമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ് പോലീസ്. രാഷ്ട്രീയമോ മതപരമോ സാമുദായികമോ ആയ മുന്‍വിധികള്‍ പോലീസ് സേനയെ എന്നല്ല, അതില്‍പ്പെടുന്ന ഒരാളെപ്പോലും നയിക്കാന്‍ പാടില്ല. ഇതിന് കടകവിരുദ്ധമായാണ് ഇടതുമുന്നണി ഭരണത്തില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതൃത്വം നല്കുന്ന ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം പോലീസ് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സല്‍ഭരണമല്ല സെല്‍ഭരണമാണ് നടന്നിട്ടുള്ളത്. പിണറായി ഭരണത്തില്‍ സിപിഎമ്മുകാരല്ലാത്ത, അവരുടെ ഒത്താശയില്ലാത്ത ആര്‍ക്കും പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. സിപിഎമ്മുകാര്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ ഏതുവിധേനയും രക്ഷിക്കുകയെന്നതാണ് പോലീസിന്റെ നയം. രാഷ്ട്രീയ കൊലപാതകമായാലും സ്വര്‍ണക്കടത്തായാലും ലൈഫ് മിഷന് അഴിമതിയായാലും സഹകരണ ബാങ്ക് തട്ടിപ്പായാലും ഈ നയമാണ് പോലീസ് പ്രാവര്‍ത്തികമാക്കുന്നത്. ക്രൈംബ്രാഞ്ചിനെയും വിജിലന്‍സിനെയുമൊക്കെ ഒരു മറയുമില്ലാതെ ഇതിനുവേണ്ടി ഉപയോഗിക്കുകയാണ്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുകയും, കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളുടെ സൈ്വര ജീവിതത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. ആലുവയില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം ഗാര്‍ഹിക പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത് ഇത്തരം നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രം. എന്തു കുറ്റം ചെയ്താലും രക്ഷിക്കപ്പെടുമെന്ന വിശ്വാസം കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കുണ്ട്. ഇവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. നീതിയും സംരക്ഷണവും പ്രതീക്ഷിക്കുന്നിടത്തുനിന്ന് അനീതിയും അതിക്രമങ്ങളും നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളെ നിസ്സഹായരാക്കുന്നു. ഇപ്പോഴത്തെ നിലയ്ക്ക് കോടതികള്‍ക്ക് മാത്രമേ ഇതിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: