അമ്പലപ്പുഴ: അച്ഛന് മരിച്ച വിദ്യാര്‍ത്ഥിക്ക് സ്കൂളിലെത്താന്‍ സൈക്കിള്‍ വാങ്ങി നല്കി അധ്യാപിക. പുന്നപ്ര ഗവ: സിവൈഎംഎ യുപി സ്കൂള്‍ അധ്യാപിക കളര്‍കോട് തേജസില്‍ സിന്ധുവാണ് ഈ സുമനസ് കാട്ടിയത്. ഒരു വര്‍ഷത്തോളം പ്രഥമാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന സിന്ധു അഞ്ചാം ക്ളാസിലെ വിദ്യാര്‍ത്ഥിക്കാണ് സൈക്കിള്‍ വാങ്ങി നല്‍കിയത്. കരുമാടിയില്‍ താമസിച്ചിരുന്ന കുട്ടിയുടെ അച്ഛന് ഏതാനും മാസം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഇതോടെ അമ്മയുമായി കുട്ടി മാതൃസഹോദരിയുടെ കപ്പക്കടക്ക് സമീപമുള്ള വീട്ടിലാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ആരും വിളിക്കാന്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സ്കൂളില്‍ കാത്തുനിന്ന കുട്ടിയെ സിന്ധു തന്റെ സ്കൂട്ടറില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. അപ്പോഴാണ് സ്കൂളും കുട്ടിയുടെ വീടും തമ്മിലുള്ള അകലം മനസ്സിലായത്. സ്കൂളില്‍ റെയില്‍വെ ക്രോസ് കടന്നെത്തുന്ന തന്റെ വിദ്യാര്‍ത്ഥിയുടെ ദുരിതം മനസ്സിലാക്കിയ അധ്യാപിക തൊട്ടടുത്ത ദിവസം കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കുകയായിരുന്നു. ഇതിന് മുന്‍പ് തന്റെ സുഹൃത്തുക്കളെ സമീപിച്ച് ഈ വിദ്യാലയത്തിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനും മറ്റ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും അധ്യാപിക വാങ്ങി നല്‍കിയിരുന്നു.
അധ്യാപനം മാത്രമല്ല സേവനം കൂടി തന്റെ ജീവിതചര്യയാക്കിയ ഈ അധ്യാപിക അധ്യാപക സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.
ചിത്രം സിന്ധു
പ്രതികരിക്കാൻ ഇവിടെ എഴുതുക: