കൊച്ചി: ഒന്നിച്ച് പഠിച്ച്, ഒന്നിച്ച് കളിച്ച്, സിനിമയെന്ന ഒരേ സ്വപ്നം കണ്ട് ഒന്നായി മുന്നേറിയവര്‍. അവരവരുടെ മേഖലയില്‍ ഒന്നാമതെത്തിയവര്‍. മോഹന്‍ലാല്‍, പ്രിയദര്ശന്, ജി സുരേഷ്കുമാര്‍, അശോക് കുമാര്‍, മണിയന്‍പിളള രാജു, എസ് കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍. സിനിമയില്‍ തന്നെ അത്ഭുതമായ തിരുവനന്തപുരത്തെ ചങ്ങാതിക്കൂട്ടം.
അവരെക്കുറിച്ചും അവരുടെ സൗഹൃദങ്ങളെക്കുറിച്ചും വിവരിക്കുന്ന ‘മോഹന്‍ലാലും കൂട്ടുകാരും’പ്രകാശനം ചെയ്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എഴുതിയ പുസ്തകം മോഹന്‍ലാല്‍ സംവിധായകന് പ്രിയദര്ശന് നല്കി പ്രകാശനം ചെയ്തു.
ഒരുമയുടെ ഓര്മ്മക്കൂടാണ് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം. തിരയിളക്കങ്ങള്‍ നിറഞ്ഞ കൗമാരത്തിന്റെ പടവില്‍ നിന്ന് താരപ്രഭയിലേക്ക് തിരനോട്ടം നടത്തിയ അപൂര്‍വസൗഹൃദത്തിന്റെ നേര്‍ചിത്രങ്ങള്‍…കോടാനുകോടികളുടെ മനസ്സില്‍ താരമായി തിളങ്ങുമ്പോഴും കൂട്ടുചേര്‍ന്ന്, നടന്ന വഴികളില്‍, കുസൃതികള്‍ നിറഞ്ഞ ഒത്തുചേരലുകളില്‍ ജീവിതത്തെ തിരിച്ചുപിടിച്ച് മണ്ണില്‍ കാലുറച്ച് നിന്നവരുടെ കഥ.
മുന്നോട്ടുള്ള യാത്രയില്‍, പിന്നിട്ട വഴിത്താരയില്‍ മായാതെ ശേഷിച്ച ജീവിതപ്പാടുകളെ നെഞ്ചോടു ചേര്‍ത്ത കൂട്ടുകാര്‍…ഇതില്‍ ജീവിതവിജയത്തിനായുള്ള അലച്ചിലുണ്ട്,കാലത്തെ വിസ്മയിപ്പിച്ച ചുവടു വെയ്പുകളുണ്ട്. ലാലും കൂട്ടുകാരും എന്ന ഒറ്റപ്പേരില്‍ നിന്ന് കൂട്ടുകാരിലേക്കെല്ലാം പടരുന്ന ലാല്‍ എന്ന ഭാവത്തിന്റെ സൗമ്യതയുണ്ട്, നടനചാരുതയുണ്ട്…..ഒരു ഇതിഹാസം ഇത്രകാലം നടന്ന വഴിയുടെ രേഖാചിത്രമാണിത്. ലാലും കൂട്ടുകാരും വായനക്കാരിലേക്കും കാഴ്ചക്കാരിലേക്കും പടരുന്ന വിധമാണ് പുസ്തകത്താളുകളിലെ അക്ഷരക്കൂട്ടങ്ങള്‍ പങ്കുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: