ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്നാടിനോട് എതിര്‍പ്പ് അറിയിച്ച് കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന് അറിയിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് തിങ്കളാഴ്ച രാത്രിയിലാണ് എത്തിയത്. തുടര്‍ന്ന് ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയായിരുന്നു. ഇതോടെ പെരിയാറിലെ ജല നിരപ്പ് ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളില്‍ വെള്ളവും കയറി.
ഇത്തരത്തില്‍ രാത്രി ഷട്ടര്‍ ഉയര്‍ത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടണം. നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ഡിഒ, പീരുമേട് ഡിെൈവസ്പി, ഫയര്‍ഫോഴ്സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണ്. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാം തുറന്നെങ്കിലും ഇടുക്കി ഡാം നിലവില്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും അധികജലം ഒഴുക്കിയെങ്കിലും ഇത് ഇടുക്കി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയര്‍ത്തിയിട്ടില്ലെന്നാണ് കണക്ക്. ഇപ്പോള്‍ തുറന്നിരിക്കുന്ന വെള്ളം എത്തിയാലും അത് ഓറഞ്ച് അലേര്‍ട്ടിലേക്ക് എത്തില്ലെന്നും കെഎസ്ഇബി അറിയിച്ചു. 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: