കേപ്ടൗണ്‍: കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യയിലെ കുറവ് നികത്താനായി 30 എണ്ണത്തെ ദക്ഷിണാഫ്രിക്കയിലെ ഫിന്‍ഡ പ്രൈവറ്റ് ഗെയിം റിസര്‍വയോറില്‍ നിന്ന് കിഴക്കന്‍ റുവാണ്ടയിലെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ സിംഗിള്‍ എയര്‍ലിഫ്റ്റായിരുന്നു ഇത്.
രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് എയര്‍ലിഫ്റ്റിങ് നടത്തിയത്. ഒന്ന് അവയെ മയക്കാനായി ഉപയോഗിച്ചപ്പോള്‍ രണ്ടാമതേത്ത് അവയെ പൊക്കിയെടുക്കാനാണ് ഉപയോഗിച്ചത്. ലോകത്താകെ ശേഷിക്കുന്നതില്‍ 98.8 ശതമാനം ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങളെ സൗത്ത് ആഫ്രിക്ക, സിംബാബ്വേ, കെനിയ, നമീബിയ എന്നിവിടങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുക. 1970 മുതലുള്ള വേട്ടയാടുന്നത് കൊണ്ട് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.
വന്യമൃഗങ്ങളെ സ്ഥലം മാറ്റുമ്പോള്‍ ട്രക്കുകളാണ് പൊതുവെ ഉപയോഗിക്കാറുള്ളതെങ്കിലും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് സ്ഥലം മാറ്റുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങിയത്. നാലു വയസ്സിനും 27 വയസ്സിനും ഇടയിലുള്ള 19 പെണ്‍കാണ്ടാമൃഗങ്ങളെയും 11 ആണ്‍കാണ്ടാമൃഗങ്ങളെയും അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് സ്ഥലം മാറ്റിയത്. അക്കഗേര നാഷണല്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ആര്‍ഡിബി സംഭവത്തെ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്.
വംശനാശഭീഷണിയുടെ വക്കിലാണ് വെള്ളകാണ്ടാമൃഗങ്ങള്‍. കൊമ്പുകള്‍ക്കായി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വെള്ള കാണ്ടാമൃഗത്തിന്റെ ഉപവിഭാഗത്തില്‍ പെടുന്ന സതേണ്‍ വൈറ്റ് റൈനോ വംശനാശഭീഷണി രൂക്ഷമായി നേരിടുന്ന വിഭാഗമാണ്. ഇരുപതിനായിരത്തോളം സതേണ്‍ വൈറ്റ് റൈനോ മാത്രമാണ് ലോകത്ത് ഇനി അശേഷിക്കുന്നത്. മറ്റൊരു ഉപവിഭാഗമായ നോര്‍തേണ്‍ വൈറ്റ് റെനോയുടെ ഭൂരിഭാഗവും വംശനാശത്തിന് ഇരയായി. രണ്ട് പെണ് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ ഇനിയുള്ളത്.
വിമാനത്തില്‍ എത്തിച്ച ശേഷം കാണ്ടാമൃഗങ്ങളെ മയക്കിയിരുന്നില്ലെന്ന് അക്കഗേര നാഷണല്‍ പാര്‍ക്ക് മാനേജര്‍ ജെസ് ഗ്രുണര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ കയറിയതോടെ അവ പൂര്‍ണമായും കിടക്കാന്‍ തുടങ്ങി. ഇതുമൂലം അവര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് 2015 ലും 2017 ലുമാണ് വന്യമൃഗങ്ങളെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നത്. 2015 ല്‍ കുറച്ച് സിംഹങ്ങളെയും, 2017 ല്‍ 18 ഈസ്റ്റേണ്‍ ബ്ലാക്ക് റെനോകളെയുമാണ് അവസാനമായി അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: