ബെംഗളൂരു: ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.
മാത്രമല്ല, ഒമിക്രോണിനെപ്പറ്റി ഭയചകിതരാകാന്‍ ഒന്നുമില്ലെന്നും ഡോ.ദേവീ ഷെട്ടി പറഞ്ഞു. കേന്ദ്രം തന്നെ കൂടുതല്‍ വാക്സിന് ഡോസുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നല്കാന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതീക്ഷ പകരുന്ന കണ്ടെത്തലുമായി ഡോ. ദേവീ ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഇത് എളുപ്പത്തില്‍ പകരുന്നതാണെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് രോഗം പകരുമോ എന്നതല്ല, അയാളെ രോഗം മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടാകുമോ എന്നതാണ് പ്രധാനം. ആ ഭയം എന്തായാലും വേണ്ട. – ദേവീ ഷെട്ടി പറഞ്ഞു.
‘എല്ലാവരോടുമുള്ള എന്റെ ഉപദേശം ആരും ഭയചകിതരാകരുതെന്നതാണ്. നമ്മള് നേരത്തെ കടന്നുപോയതുപോലെ (രണ്ടാം തരംഗം) ഒമിക്രോണ്‍ മാരകമാവാന്‍ സാധ്യതയില്ല. അതിവേഗം പടര്‍ന്നുപിടിച്ചാല്‍ പോലും രാജ്യത്തിന് രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് കോവിഡ് രണ്ടാം തരംഗത്തില്‍ നമ്മള് കണ്ടതാണ്.’- ഡോ. ദേവീ ഷെട്ടി പറഞ്ഞു.
‘ഇപ്പോള്‍ നമ്മള് എന്തിനെയും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നമുക്ക് ആവശ്യത്തിന് ഐസിയു ബെഡുകളുണ്ട്. മരുന്നുണ്ട്. രോഗത്തെ കൈകാര്യം ചെയ്യാനുള്ള ഡോക്ടര്‍മാരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് മാസ്ക് ധരിക്കൂ, സാമൂഹ്യഅകലം പാലിക്കൂ എന്നതാണ്.’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: