ജലന്ധര്‍: 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പാകിസ്ഥാന് ചാരസംഘടനയായ ഐഎസ് ഐ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് രഹസ്യസേനാ റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസിലെ രഹസ്യഏജന്സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയിലെ ഹിന്ദുനേതാക്കളെ മാത്രമല്ല, ആര്‍എസ്എസിന്റെ ശാഖാനേതാക്കളെയും ഐഎസ് ഐ ലക്ഷ്യംവെയ്ക്കുന്നുണ്ട്. ചോറ്റുപാത്രങ്ങളില്‍ (ടിഫിന്‍ ബോക്സ്) നിയന്ത്രിത സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് സ്ഫോടനമുണ്ടാക്കാനാണ് പദ്ധതി. അതുവഴി ക്രമസമാധാനപ്രശ്നമുണ്ടാക്കുകയാണ് ഐഎസ് ഐ ലക്ഷ്യമെന്നും രഹസ്യസേന റിപ്പോര്‍ട്ടില്‍ പറയുന്നു.
നവമ്പര്‍ 21ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ അക്രമികള്‍ പത്താന്‍കോട്ടിലെ സൈനിക പ്രദേശത്ത് ഗ്രനേഡ് വലിച്ചെറിഞ്ഞിരുന്നു. ഇതില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഡ്രോണുകള്‍ കയറിവന്ന 25 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. ഈ ഡ്രോണുകളില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ നിറച്ച 11 ചോറ്റുപാത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ചില ചോറ്റുപാത്രങ്ങളില്‍ മയക്കമരുന്നുകളും കണ്ടെത്തി.
വധഭീഷണിയുള്ള നേതാക്കളുടെ ലിസ്റ്റ് രഹസ്യസേന പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ പഞ്ചാബ് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: