കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ച തിയറ്ററില്‍ മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം ഷേണായീസ് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായാണ് മരക്കാര്‍ നേരത്തെ പ്രദര്‍ശിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചത്.
ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചക്കിടെയാണ് അദേഹം ഇങ്ങനെ ഒരു നിലപാട് എടുത്തത്. എന്നാല്‍, മരക്കാര്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പല തിയറ്ററുകളിലെയും ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. കേരളത്തില്‍ മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച എല്ലാ തിയറ്ററുകളിലെയും ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
ഇതോടെയാണ് വെല്ലുവിളി അവസാനിപ്പിച്ച് മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ ഷേണായ് തിയറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് ആദ്യം അഞ്ചു ഷോകളാണ് തിയറ്റര്‍ പ്രഖ്യാപിച്ചത്. മിനിട്ടുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതോടെ 17 ഷോകള്കൂടി ആ ദിവസം ഷേണായിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെയും ടിക്കറ്റുകള്‍ 90 ശതമാനവും വിറ്റഴിഞ്ഞിട്ടുണ്ട്.
ഷേണായീസ് അടക്കമുള്ള തിയറ്റര്‍ ഉടമകള്‍ ഉടക്കിട്ടതോടെ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്പതോളം തിയറ്ററുകളിലും സര്‍ക്കാര്‍ തിയറ്ററുകള്‍, നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ എന്നിവയിലാണ് ആദ്യം റിലീസ് രപഖ്യാപിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഏരീസ് പ്ലക്സ് ഉടമ സോഹന്‍ റോയ് തങ്ങളുടെ തിയറ്റര്‍ കോപ്ലക്സിലെ എല്ലാ സ്ക്രീനുകളും മരക്കാറിന് വിട്ടു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ആദ്യ ദിനം 42 ഷോകള്‍ നടത്തുമെന്നും അദേഹം പ്രഖ്യാപിച്ചു. ഇതോടെയാണ് മരക്കാറിനായി തിയറ്ററുകള്‍ വടംവലി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: