ന്യൂദല്‍ഹി: ലോകത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ് പുതിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍. ഇന്ത്യയില്‍ രൂപപ്പെട്ട ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടിയാണ് ഒമിക്രോണിന്റെ പ്രഹരശേഷിയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാ വിഭജനകാലത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര് ഡെല്‍റ്റ് ആക്രമണത്തില്‍ മരിച്ചതായാണ് കണക്കുകള്‍.
ഇന്ത്യയില്‍ രണ്ടാം തരംഗം സൃഷ്ടിച്ച ഡെല്‍റ്റ വൈറസ് വകഭേദം എത്രത്തോളം മാരകമായിരുന്നുവെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അതിന്റെ ആറ് മടങ്ങ് പ്രഹരശേഷിയുണ്ട് ഒമിക്രോണിനെന്ന ചില ശാസ്ത്രജ്ഞരുടെ വാദമാണ് ആരോഗ്യവിദഗ്ധരെയും രാഷ്ട്രീയനേതാക്കളെയും ഭയചകിതരാക്കുന്നത്. ഒമിക്രോണ്‍ എളുപ്പത്തില്‍ പകരുന്ന ഒന്നായിരിക്കുമെന്നും ഇതിനായി കൂടുതല്‍ വാക്സിന് എടുക്കേണ്ടി വരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉയര്‍ന്ന മെഡിക്കല്‍ ഉപദേശകനായ ആന്റണി ഫൗചിയുടെ വെളിപ്പെടുത്തലും ആശങ്കയുളവാക്കുന്നു. അമേരിക്ക അതിക്രൂരമായ ശൈത്യകാലത്തിലേക്കായിരിക്കും പോവുകയെന്നും ഫൗചി പ്രവചിക്കുന്നു. ലോകം ഏറെ ഭയാശങ്കകളോടെ കാത്തിരിക്കുന്ന കോവിഡ് മൂന്നാം തരംഗം ഒമിക്രോണാകും കൊണ്ടുവരികയെന്നും സൂചനകളുണ്ട്.
ഇപ്പോള്‍ ലോകത്ത് ലഭ്യമായ വാക്സിനുകള്‍ക്കൊന്നും ഒമിക്രോണിനെ നശിപ്പിക്കാന്‍ കഴിയില്ലെന്നുള്ളതാണ് രാജ്യം ഭരിക്കുന്നവരെ ഭയപ്പെടുത്തുന്നത്. ഒമിക്രോണിന്റെ സ്പൈക് പ്രോട്ടീന്‍ (വൈറസില്‍ മുള്ളുപോലെ കാണുന്ന ഭാഗം) മുപ്പതിലേറെ തവണ ജനിതകമാറ്റം സംഭവിച്ച ഒന്നാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധത്തെ മറികടക്കാന്‍ ഒമിക്രോണിന്റെ ഈ കരുത്തുറ്റ സ്പൈക് പ്രോട്ടീന്‍ സാധിക്കും. വൈറസിലെ മുള്ളുകള്‍ പോലുള്ള സ്പൈക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് വൈറസ് ശരീരത്തില്‍ പറ്റിപ്പിടിച്ച് കിടന്ന് പെരുകുന്നത്. വൈറസിനെ വ്യാപനശേഷിയുള്ളതാക്കുന്നതും ഈ സ്പൈക് പ്രോട്ടീനാണ്.
ആര്‍ടിപിസിആര്‍ വഴി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ഈ വകഭേദം രൂപംകൊണ്ട ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ പേര് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. നവമ്പര്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയിലെ ഗവേഷകനായ ഡോ.ആംഗെലിക് കൂറ്റ്സിയാണ് ഒമിക്രോണിനെ കണ്ടെത്തിയത്. ഉടനെ അദ്ദേഹം ലോകാരോഗ്യസംഘടനയെ വിവരമറിയിച്ചു. വളരെ നേരത്തെ ഒമിക്രോണിനെ കണ്ടുപിടിക്കാനായി എന്നത് ആശ്വാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വൈറസിനെ അത്ര ഭയപ്പെടേണ്ടതില്ല എന്നാണ് ഡോ. കൂറ്റ്സി പറഞ്ഞതെങ്കിലും ആകെ 50ഓളം ജനിതകമാറ്റം നടന്ന വകഭേദമാണെന്നും അതില്‍ 30ഓളം മാറ്റങ്ങള്‍ സ്പൈക് പ്രോട്ടീനിലാണ് സംഭവിച്ചതെന്നും ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നു.
അധികവും 40 വയസ്സില്‍ താഴെയുള്ളവരിലാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ പകര്‍ന്നിരിക്കുന്നത്. പേശികള്‍ക്കും തൊണ്ടയ്ക്കും വേദന, ചുമ എന്നിവയാണ് രോഗലക്ഷ്ണങ്ങള്‍. പലരും സ്വയചികിത്സ കൊണ്ട് പൂര്‍ണ്ണ രോഗമുക്തി നേടിയെന്നും ഡോ. കൂറ്റ്സി അവകാശപ്പെടുന്നു.
അതേ സമയം രണ്ട് വാക്സിന് എടുത്തവരിലും വലിയ പ്രതിരോധശേഷിയുള്ളവരിലും അനായാസും ഒമിക്രോണ്‍ കടന്നുകൂടുമെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: