ന്യൂദല്‍ഹി: നിക്ഷേപമെന്ന നിലയില്‍ വന്‍തോതില്‍ രാഷ്‌ട്രീയക്കാരെയും സിനിമാതാരങ്ങളെയും ബിസിനുസ്സുകാരെയും ആകര്‍ഷിച്ച ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്‍. കഴിഞ്ഞ 13 വര്‍ഷത്തിനകം ബിറ്റ് കോയിന്‍ വില ഒരു ഡോളറില്‍ നിന്നും 68521 ഡോളറിലേക്കാണ് കുതിച്ചുചാടിയത്.
2008ല്‍ ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയപ്പോള്‍ ബിറ്റ് കോയിന്റെ വില 0.8 ഡോളര്‍ മാത്രമായിരുന്നു. 2011ല്‍ വെറും രണ്ട് ഡോളര്‍ മാത്രമായിരുന്നു ഒരു ബിറ്റ് കോയിന്റെ വില. 2013ല്‍ അത് പൊടുന്നനെ 220 ഡോളറായി ഉര്‍ന്നു. 2015ല്‍ 315 ഡോളര്‍ ആയിരുന്ന വില 2019ല്‍ 10,000 ഡോളറില്‍ അധികമായി. 2020 നവമ്പറില്‍ ഒരു ബിറ്റ് കോയിന്റെ വില 18353 ഡോളറിലേക്ക് ഉയര്‍ന്നു. 2021 നവമ്പര്‍ അഞ്ചിന് ഒരു ബിറ്റ് കോയിന്റെ വില 68521 ഡോളറായി. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇപ്പോള്‍ ഒരു ബിറ്റ് കോയിന്റെ വില 42 ലക്ഷത്തിലധികം വരും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40 ലക്ഷത്തിലധികം രൂപ സംഭാവന ചെയ്യാന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ നല്‍കിയത് ഒരു ബിറ്റ് കോയിനാണ്.
ഇത്രയും അവിശ്വസനീയമായ രീതിയിലുള്ള ബിറ്റ് കോയിന്റെ വിലക്കയറ്റമാണ് നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ബിറ്റ് കോയിന്‍ വിലയുടെ ചരിത്രം കാട്ടിയാണ് പല കമ്പനികളും ബിറ്റ്കോയിന്‍ നിക്ഷേപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഒരു രാജ്യത്തെ സര്‍ക്കാരിനാകട്ടെ ഇത്തരത്തിലുള്ള വിലയിലെ വലിയ ചാഞ്ചാട്ടം തലവേദനയുമാണ്. അഭൂതപൂര്‍വ്വമായി വില കുതിച്ചുകയറുന്ന ഒരു ക്രിപ്റ്റോ കറന്‍സി സ്വാഭാവികമായും മയക്കമരുന്ന് ലോബിയുടെയും കള്ളക്കടത്തുകാരുടെയും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നവരുടെയും കയ്യില്‍പ്പെടുന്നതും സ്വാഭാവികമാണ്. ക്രിപ്റ്റോ കറന്‍സിക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ബ്ലോക് ചെയിന്‍ ടെക്നോളജിയിലെ അസ്ഥിരതയാണ് അവയുടെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഈ അസ്ഥിരത നിയന്ത്രിക്കാനാണ് ഒരു ചട്ടക്കൂട് കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നത്. ബിറ്റ് കോയിനില്‍ സമ്പന്നരും രാഷ്‌ട്രീയസ്വാധീനമുള്ളവരും നിക്ഷേപിച്ചതിനാല്‍ അവിടെ നിന്നും സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം വളരെയധികമാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ബിറ്റ് കോയിനെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയാക്കി മാറ്റുമെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെയാണ്
തിങ്കളാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തള്ളിക്കളഞ്ഞത്. ബിറ്റ്കോയിനെ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന നയം വ്യക്തമാക്കുകയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി.
അതേ സമയം ബിറ്റ് കോയിന്‍ നിരോധിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ ചെലുത്തുന്നത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വി കഴിഞ്ഞ ദിവസം ബിറ്റ് കോയിന്‍ നിരോധിക്കരുതെന്ന് പരസ്യമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ക്രിപ്‌റ്റോ കറന്‍സി വഴി സാധാരണക്കാരന്‍ പണമുണ്ടാക്കുന്നത് കാണുമ്പോഴുള്ള അസൂയ കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്ന ബാലിശമായ പ്രസ്താവനയാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ അഭിഷേക് മനു സിംഗ് വിയില്‍ നിന്നും ഉണ്ടായത്. ‘ഇന്ധനത്തിനും പച്ചക്കറിയ്‌ക്കും വില ഉയരുകയാണ്. എന്നാല്‍ ക്രിപ്‌റ്റോ വ്യാപാരം വഴി ജനങ്ങള്‍ പണമുണ്ടാക്കുന്നത് ഈ സര്‍ക്കാരിന് കണ്ടു കൂടാ. അതുകൊണ്ടാണ് അവര്‍ ഇത് നിരോധിക്കാന്‍ തീരുമാനിച്ചത്.’- അഭിഷേക് മനു സിംഗ് വി പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയും ക്രിപ്റ്റോ കറന്‍സിയെയും ബിറ്റ്കോയിനെയും നിരോധിക്കരുതെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.
എന്തായാലും ബ്ലോക് ചെയിനിലെ അസ്ഥിരത ഇല്ലാതാക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കി ക്രിപ്റ്റോ കറന്‍സി വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സി ബില്‍ കൊണ്ടുവരികയാണ്. മിക്കവാറും ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ഈ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയിരിക്കും. ഇതോടെ കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും സഹായകരമാവുന്ന ക്രിപ്റ്റോ കറന്‍സിയിലെ ചൂതാട്ട സാധ്യത ഇല്ലാതാകും. അതാണ് ക്രിപ്റ്റോ കറന്‍സി ബില്ലിന് പിന്നിലെ സര്‍ക്കാര്‍ ലക്ഷ്യം. ഇന്ത്യയുടേതായ ഒരു ഔദ്യോഗിക ഡിജിറ്റൽ കറൻസിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും. എല്ലാ പോരായ്മകളും തീര്‍ത്തുള്ള ഒരു ക്രിപ്റ്റോ കറന്‍സിയായിരിക്കും ഇത്. ഇതുസംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പുതിയ ബില്ലില്‍ സ്വകാര്യ ക്രിപ്റ്റോ കറൻസികളില്‍ ചിലത് നിരോധിക്കുമെന്നും ഏതാണ്ട് ഉറപ്പായി. ഇതോടെ ഡിജിറ്റല്‍ കറന്‍സി വിപണിയില്‍ വന്‍തോതില്‍ ക്രിപ്റ്റോ കറന്‍സികള്‍ വിറ്റഴിക്കപ്പെടുകയാണ്.
ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങൾ നിരോധിക്കും. ഇത് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബർ 13ന് യോഗം വിളിച്ചിരുന്നു. വളരെ കുറച്ചുകാലത്തിനുള്ളില്‍ വന്‍ലാഭം കൊയ്യാമെന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സി പരസ്യങ്ങള്‍ പല ഉപഭോക്താക്കളെയും വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: