തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതായി ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആന്‍ഡമാനിനടുത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം നാളെയോടെ ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത കണക്കാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതചുഴി നിലനില്ക്കുന്നു. ഇന്നത് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ കാറ്റ് തെക്ക് ആന്ധ്രാ തമിഴ്നാട് തീരങ്ങളില്‍ ശക്തി പ്രാപിച്ചിരിക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഈ നവംബറില്‍ മാത്രം ചെന്നൈയില്‍ പെയ്ത മഴ ആയിരം മില്ലിമീറ്റര്‍ പിന്നിട്ടു. ഈ മാസം 27 രാത്രി 8.30 വരെ 1006 മില്ലി മീറ്റര്‍ മഴയാണു പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: