ന്യൂദല്‍ഹി : ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ട. ജാഗ്രത കൈവിടാതിരുന്നാല്‍ മതിയെന്ന് ഐസിഎംആര്‍. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും.
ഒമിക്രോണ്‍ വകഭേദം നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സീനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വാക്സിനേഷന് വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന വേണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തിങ്കളാഴ്ച ചേരുന്ന ദുരന്ത നിവാരണ അതോറിട്ടി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും. വ്യോമയാന മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാംബേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് മുഖ്യ വിഷയമാകും. നിലവിലെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി, തമിഴ്നാട് കര്‍ണ്ണാടകം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: