ന്യൂദല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന കോളീജിയം സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓള് ഇന്ത്യാ തലത്തിലുള്ള പരീക്ഷയിലൂടെ മേല്‍ക്കോടതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം. അരനൂറ്റാണ്ടിലേറെയായി ഇത് പരീക്ഷിക്കപ്പെടാതെ നിലനില്‍ക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്കാരങ്ങള്‍ പ്രസക്തമായ വിഷയമാണ്. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേല്‍പ്പിക്കാതെ തന്നെ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിലപേശല്‍ സാധ്യമല്ലെന്ന ഉറച്ച വീക്ഷണമാണ് തനിക്കുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വിജ്ഞാന് ഭവനില്‍ നടന്ന ഭരണഘടനാ ദിനം ആഘോഷ ചടങ്ങിലായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
ന്യായാധിപന്മാരുടെ തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കുന്നതിന് മികച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുമെന്നത് ഉറപ്പാണ്. ആത്യന്തികമായി, നീതി ന്യായ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍വി രമണയും സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു.
ന്യായാധിപന്മാരെ തെരഞ്ഞെടുക്കാനുള്ള എന്‍ജെഎസി ആക്ട്് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്‍ജെഎസി ആക്ടും അനുബന്ധ ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2015 ല്‍ സുപ്രീം കോടതി അത് റദ്ദ് ചെയ്തു. സമിതി മുഖേന ജഡ്ജിമാരെ നിയമിക്കുന്നതായിരുന്നു നിയമത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച പുതിയ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: