വിശ്വസികളുടെ പ്രതിഷേധങ്ങള്ക്കിടില് സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കി. എന്നാല്‍ പഴയ രീതി തന്നെ തുടരുമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ നിലപാട്. തൃശൂര്‍ അതിരൂപതയിലും പുതിയ രീതിയില്‍ കുര്‍ബാന തുടങ്ങി. പരിഷ്കരിച്ച കുര്‍ബാനയുമായി മുന്നോട്ട് പോകുമെന്നാണ് കര്‍ദിനാളിന്റെ തീരുമാനം.
ഏകീകൃത കുര്‍ബാന ക്രമം പ്രകാരം കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കേണ്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയില്‍ പുതിയ ബലിയര്‍പ്പണ രീതി നടപ്പാക്കുമെന്ന് വികാരി അറിയിച്ചു. പുതിയ കുര്‍ബാന ക്രമം നടപ്പാക്കണം എന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റ സര്‍ക്കുലര്‍ പള്ളിയില്‍ വായിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസന്നപുരം ഹോളി ഫാമിലി ദേവാലയത്തിലും പരിഷ്കരിച്ച കുര്‍ബാനയാണ് അര്‍പ്പിച്ചത്. ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചക്കള്‍ ആണ് പരിഷ്കരിച്ച കുര്‍ബാന നടത്തിയത്.
അതേസമയം സഭയിലെ അനൈക്യം കുര്‍ബാന ക്രമത്തിലുള്ള വ്യത്യാസം മൂലമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സിനഡ് തീരുമാനം ഐക്യത്തിന് വേണ്ടി സഭ പല തവണ പീഡിപ്പിക്കപ്പെട്ടു. പലര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. അതെല്ലാം അവരുടെ മാത്രം അഭിപ്രായങ്ങളാണ്. സഭ നമുക്ക് നല്‍കിയത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
1999ല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് എറണാകുളം- അങ്കമാലി അതിരൂപത പുതുക്കിയ കുര്‍ബാന ക്രമം നടപ്പിലാക്കാത്തത്.
അതിരൂപതയില്‍ നിലവിലുള്ള ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബലിയര്‍പ്പണം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: