തൊടുപുഴ: മുഹമ്മദ് ഫസല്‍ വധക്കേസ് സിപിഎം നേതാക്കള്‍ ആഗ്രഹിച്ച രീതിയില്‍ അന്വേഷിക്കാതിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന് ആകെയുള്ള കിടപ്പാടവും നഷ്ടമാകുന്നു. രണ്ട് മാസത്തിനുള്ളില്‍ വീട്ടില്‍ നിന്ന് മാറണമെന്നാണ് ബാങ്ക് അധികൃതര്‍ അവസാനമായി നല്‍കിയ താക്കീത്.
കോട്ടയം സ്വദേശിയായ രാധാകൃഷ്ണന്‍ 35 ലക്ഷം രൂപ വായ്പയെടുത്താണ് തൃപ്പൂണിത്തുറയില്‍ വീട് വാങ്ങിയത്. ആദ്യമെല്ലാം ഗഡുകള്‍ കൃത്യമായി അടച്ചു. പിന്നീട് സര്‍ക്കാര്‍ വേട്ടയാടിത്തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് സ്ഥലം ജപ്തി ചെയ്തു. 25 ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ സ്ഥലവും വീടും നഷ്ടമാകുമെന്നും ലേലത്തില്‍ വയ്‌ക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു.
2006ലെ ഫസല്‍ വധക്കേസിന് ശേഷം സിപിഎം നേതൃത്വം വേട്ടയാടിയതോടെ കേസ് നടത്തിയാണ് വീടും സ്ഥലവും സമ്പാദ്യവുമെല്ലാം നഷ്ടമായത്. 2006ല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് 2008ലാണ് തിരികെ ജോലിയില്‍ കയറിയത്. പിന്നീട് 2016ല്‍ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇതിനെതിരെ 4-5 വര്‍ഷം സുപ്രീംകോടതിയിലടക്കം കേസ് നടത്തിയാണ് ജോലിയില്‍ കയറാനായത്. വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെന്‍ഷന്‍ പോലും തടഞ്ഞുവച്ചരിക്കുകയാണ്.
ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു മകള്‍. ഹോസ്റ്റലില്‍ ഫീസ് കെട്ടാനാകാതെ വന്ന് പഠനം അവസാനിപ്പിച്ചു. മകന്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിനും പോയിരുന്നു. പണമില്ലാതെ വന്നതോടെ ഇതും നിന്നു. രണ്ടുപേരും ഇപ്പോള്‍ മറ്റ് ജോലികളിലൂടെ ചെറിയ വരുമാനം കണ്ടെത്തുകയാണ്. വീടിന് സമീപത്ത് വച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേര്‍ വിളിച്ചിരുന്നു. തനിക്ക് നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: