ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി മമത ബാനര്‍ജി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് തിങ്കളാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് മമത ബാനര്‍ജി തീരുമാനിച്ചു. ഗോവയിലും കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് മമത പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിടെ ബിജെപിയെ പോലെ കോണ്‍ഗ്രസിനെയും എതിര്‍ക്കണമെന്ന നിലപാടാണ് മമത മുന്നോട്ട് വെച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ പാളയത്തിലെത്തിക്കുന്നത് പഴയ കോണ്‍ഗ്രസ് നേതാക്കളെയാണ്. ഇതില്‍ കോണ്‍ഗ്രസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് മമത ബാനര്‍ജിയെ പ്രകോപിപ്പിച്ചത്. മേഘാലയിലും ഗോവയിലും കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ തൃണമൂല്‍ നേതാക്കളായി മാറിയിരിക്കുന്നത്. മേഘാലയില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര് തൃണമൂലിനൊപ്പം ചേര്‍ന്നു. ഗോവയിലും പഴയ കോണ്‍ഗ്രസ് എംഎല്‍എമാരാണ് തൃണമൂലിന്റെ ശക്തി.
പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിനിധികളോട് തന്റെ ചേംബറില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് തൃണമൂല്‍ പരസ്യമാക്കിക്കഴിഞ്ഞു.
എന്തായാലും തൃണമൂല്‍ വിട്ടുനില്‍ക്കുന്നതോടെ ഒരു പക്ഷെ സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നീ യുപിഎ മുന്നണിയില്‍ ഇല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്നറിയുന്നു. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തില്‍ ബിഎസ്പി ഒഴികെ മറ്റെല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒറ്റക്കെട്ടായിരുന്നെങ്കില്‍ ഇക്കുറി അതുണ്ടാകില്ലെന്നാണ് മമതയുടെ നീക്കം നല്കുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: