ന്യൂദല്‍ഹി :കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടന്, സിങ്കപ്പുര്‍, ചൈന, ബ്രസീല്‍, ബഗ്ലാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലന്‍ഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സര്‍വീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തില്‍ ഈ വിമാന സര്‍വീസുകളുടെ ഇളവുകള്‍ സംബന്ധിച്ച് പുനരാലോചിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് ആദ്യം വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
വാക്സിനേഷന്റ എടുത്തവരിലുള്ള പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കുമെന്നാണ് ഇതിനെ കുറിച്ച് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പരിശോധന കൂട്ടണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷന് തോതും യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്ത് രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: