തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം ഒന്നാമതെന്ന് നീതി ആയോഗ് സര്‍വേ വിവരം പുറത്തുവന്നതിനെ പിന്നാലെ പിണറായി വിജയനെ പുകഴ്ത്തി സിപിഎം സൈബര്‍ സംഘം രംഗത്തെത്തയിരുന്നു. തൊട്ടു പിന്നാലെ പിണറായി വിജയനും ക്രെഡിറ്റ് ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. ഒപ്പം, അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, എന്നാല്‍ നിലവിലെ സൂചിക തയ്യാറാക്കിയിരിക്കുന്നത് 2015 – 2016 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ്. അതായത് പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുന്‍പുള്ള സര്‍വെ അടിസ്ഥാനമാക്കിയാണ്. ഇതോടെ വിഷയത്തില്‍ ക്രെഡിറ്റ് ഏറ്റെടുത്ത പിണറായിക്ക് അമളി പിണഞ്ഞു. നീതി ആയോഗിന്റെ രേഖകളില്‍ എല്ലാം ഇതു വ്യക്തമാണ്. 2020ലെ കണക്കുകള്‍ ഇനി അപ്ഡേറ്റ് ചെയ്യുമെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ത്ഥത്തില്‍ സൂചികയില്‍ കേരളത്തിന് മികച്ച സ്ഥാനം ലഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ഇതു സംബന്ധിച്ച പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങള്‍. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം, തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.
അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: