തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. നിലവിലുള്ള വാക്സിനുകളെ അതിജീവിക്കാനുള്ള വകഭേദമാണോ ഇത് എന്നത് സംബന്ധിച്ച്. എല്ലാവരും മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക ആകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാന്, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: